വഖഫ് ഭേദഗതി നിയമം: കോയമ്പത്തൂരിൽ കൂറ്റൻ പ്രതിഷേധ റാലി
കോയമ്പത്തൂർ ജില്ലാ യുണൈറ്റഡ് ജമാഅത്ത്, ഫെഡറേഷൻ ഓഫ് ഇസ്‌ലാമിക് ഓർഗനൈസേഷൻസ്, രാഷ്ട്രീയ പാർട്ടികൾ എന്നിവർ സംയുക്തമായണ് വെള്ളിയാഴ്ച വൻ പ്രതിഷേധ പ്രകടനം നടത്തിയത്
കോയമ്പത്തൂർ: വഖഫ് ഭേദഗതി നിയമത്തിനെതിരെ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ കൂറ്റൻ പ്രതിഷേധ റാലി.
കോയമ്പത്തൂർ ജില്ലാ യുണൈറ്റഡ് ജമാഅത്ത്, ഫെഡറേഷൻ ഓഫ് ഇസ്‌ലാമിക് ഓർഗനൈസേഷൻസ്, രാഷ്ട്രീയ പാർട്ടികൾ എന്നിവർ സംയുക്തമായണ് വെള്ളിയാഴ്ച കോയമ്പത്തൂരിൽ വൻ പ്രതിഷേധ പ്രകടനം നടത്തിയത്. 2025ലെ വഖഫ് (ഭേദഗതി) നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ആതുപാലത്ത് നിന്ന് ആരംഭിച്ച റാലി ഉക്കടത്താണ് സമാപിച്ചത്. സ്ത്രീകളുള്‍പ്പെടെ നിരവധി പേരാണ് റാലിയില്‍ അണിനിരന്നത്. ''വഖഫ് സ്വത്തുക്കൾ തട്ടിയെടുക്കരുത്", ''ഇന്ത്യയുടെ വൈവിധ്യം നശിപ്പിക്കരുത്" എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു പ്രതിഷേധം.
കോയമ്പത്തൂർ ജില്ലാ യുണൈറ്റഡ് ജമാഅത്ത്, ജംഇയ്യത്തുൽ ഉലമ സഭ, ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്, തമിഴ്‌നാട് മുസ്‌ലിം മുന്നേറ്റ കഴകം, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, മനിതനേയ മക്കൾ കച്ചി, മനിതനേയ ജനനായക കച്ചി, ജംഇയത്തുല്‍ അഹ്‌ലീൽ ഖുർആൻ വൽ ഹദീസ്, ഇന്ത്യ തൗഹീദ് ജമാഅത്ത്, മുസ്‌ലിം വെൽഫെയർ, ഇന്ത്യ തൗഹീദ് ജമാഅത്ത്, എഗത്തുവ മുസ്‌ലിം ജമാഅത്ത്, വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ, കേരള മുസ്‌ലിം എഡ്യുക്കേഷണൽ, വഹ്ദത്ത്-ഇ-ഇസ്ലാമി ഹിന്ദ് തുടങ്ങിയ സംഘടനകളിലെ നേതാക്കളും അംഗങ്ങളും റാലിയിലും പിന്നീട് നടന്ന പൊതുയോഗത്തിലും പങ്കെടുത്തു.
അതേസമയം വഖഫ് ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധങ്ങളാണ് നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലും നഗരങ്ങളിലും മാർച്ചുകളും ഉപരോധങ്ങളും അരങ്ങേറുകയാണ്. സംഘടനകളും കൂട്ടായ്മകളും നടത്തിയ പ്രതിഷേധത്തിൽ സ്ത്രീകളും കുട്ടികളുമടക്കം വൻ ആൾക്കൂട്ടമാണ്. ബില്ല് കത്തിക്കുകയും നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഒപ്പ് സമാഹരണവും വ്യാപകമാണ്. നിയമനടപടികൾക്കൊപ്പമാണ് പ്രതിഷേധപരിപാടികളും വ്യാപകമായി നടക്കുന്നത്.