സെൽഫിയെടുക്കാനെന്ന വ്യാജേന അടുത്തെത്തി കബഡി താരത്തെ വെടിവച്ച് കൊന്നു
മുഖത്തും നെഞ്ചിലുമായി അഞ്ച് വെടിയുണ്ടകളാണ് റാണയ്ക്ക് ഏറ്റത്.
ഛണ്ഡീഗഢ്: പഞ്ചാബിൽ കബഡി താരത്തെ ബൈക്കിലെത്തിയ സംഘം വെടിവച്ച് കൊന്നു. മൊഹാലി സ്വദേശിയായ റാണ ബാലചൗരിയയാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘം സെൽഫിയെടുക്കാനെന്ന വ്യാജനേ റാണയുടെ അരികിൽ വരികയും വെടിയുതിർക്കുകയുമായിരുന്നു.
വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ റാണയെ ഉടൻ മൊഹാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. മുഖത്തും നെഞ്ചിലുമായി അഞ്ച് വെടിയുണ്ടകളാണ് റാണയ്ക്ക് ഏറ്റത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ബംബിഹ സംഘം ഏറ്റെടുത്തു. ഗായകൻ സിദ്ദു മൂസെവാലയെ കൊലപ്പെടുത്തിയവർക്ക് അഭയമൊരുക്കിയെന്ന് ആരോപിച്ചാണ് റാണയെ കൊന്നതെന്ന് ഇവർ പറയുന്നു.
ബൈക്കിലെത്തിയ രണ്ടു മൂന്ന് പേർ സെൽഫിയെടുക്കാനെന്ന വ്യാജേന കബഡി താരങ്ങളുടെ അടുത്തെത്തി വെടിവയ്ക്കുകയായിരുന്നെന്ന് മൊഹാലി എസ്എസ്പി ഹർമൻദീപ് ഹാൻസ് പറഞ്ഞു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ്. എന്താണ് കൊലപാതകത്തിന്റെ യഥാർഥ കാരണം എന്ന് ഇപ്പോൾ പറയാനാവില്ലെന്നും അദ്ദേഹം അറിയിച്ചു.
റാണയ്ക്ക് വളരെ തൊട്ടടുത്ത് നിന്നാണ് വെടിയേറ്റിട്ടുള്ളതെന്നാണ് വിവരം. കൊലപാതകത്തിൽ, ഗുണ്ടാബന്ധം ഉൾപ്പെടെ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറയുന്നു.
കൊല്ലപ്പെട്ട കബഡി കളിക്കാരന് കുപ്രസിദ്ധ ഗുണ്ടാത്തലവന്മാരായ ലോറൻസ് ബിഷ്ണോയി, ജഗ്ഗു ഭഗവൻപുരിയ എന്നിവരുടെ സംഘവുമായി നിരന്തരം ബന്ധമുണ്ടായിരുന്നതായാണ് സോഷ്യൽമീഡിയ പോസ്റ്റിലൂടെ ബംബിഹ സംഘത്തിന്റെ ആരോപണം.
പ്രമുഖ പഞ്ചാബി ഗായകരിൽ ഒരാളായ വ്യക്തിക്ക് സംഭവവുമായി ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. വെടിവെപ്പിന് ഏതാനും സമയം മുമ്പ് വേദിയിലേക്ക് എത്താനിരിക്കുകയായിരുന്നു ഇദ്ദേഹം.
ചില ടീമുകളിൽ കളിക്കുന്നതിനെതിരെ കബഡി കളിക്കാർക്കും അവരുടെ മാതാപിതാക്കൾക്കും മുന്നറിയിപ്പു നൽകിയ സംഘം, സമാന പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അതേസമയം, പോസ്റ്റിന്റെ ആധികാരികത പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അവകാശവാദങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറയുന്നു.