വെട്ടിമാറ്റിയത് 58 ലക്ഷം വോട്ടർമാരെ; ആശങ്കയേറ്റി ബംഗാളിലെ എസ്ഐആർ കരട് പട്ടിക
വോട്ടർമാരെ വെട്ടിനിരത്തിയ നടപടി അനീതിയാണെന്നും ഇതിന് പിന്നിൽ ബിജെപിയുടെ ഗൂഢാലോചനയുണ്ടെന്നും തൃണമൂൽ എംപി ആരോപിച്ചു.
കൊൽക്കത്ത: എസ്ഐആറിലൂടെ ബിഹാറിലെ 47 ലക്ഷം വോട്ടർമാരെ പുറത്താക്കിയതിന്റെ വിവാദം കെട്ടടങ്ങുംമുമ്പ് പശ്ചിമബംഗാളിലും സമാനരീതിയിൽ കൂട്ടവെട്ടൽ. തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട എസ്ഐറിന്റെ കരട് വോട്ടർ പട്ടിക പുറത്തുവന്നപ്പോൾ 58 ലക്ഷം പേരാണ് പുറത്തായിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് പശ്ചിമബംഗാളിൽ അരക്കോടിയിലേറെ പേരെ വെട്ടിനിരത്തിയിരിക്കുന്നത്.
ഒഴിവാക്കപ്പെട്ടവരിൽ 24 ലക്ഷം പേരെ 'മരിച്ചവർ' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 19 ലക്ഷം പേരെ 'സ്ഥലം മാറിയവർ' എന്നും 12 ലക്ഷം പേരെ 'കാണാതായവർ' എന്നും 1.3 ലക്ഷം പേരെ 'ഡ്യൂപ്ലിക്കേറ്റ്' എന്നുമാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. കരട് പട്ടികയുടെ പ്രസിദ്ധീകരണത്തോടെ എസ്ഐആറിന്റെ ഒന്നാം ഘട്ടം അവസാനിച്ചു. കരട് ലിസ്റ്റിൽ നിന്ന് തെറ്റായും അന്യായമായും പുറത്താക്കപ്പെട്ടവർക്ക് പരാതികൾ ഉന്നയിക്കുകയും ഉൾപ്പെടുത്താൻ അപേക്ഷ നൽകുകയും ചെയ്യാം.
പരാതികൾ പരിശോധിച്ച് അടുത്ത വർഷം ഫെബ്രുവരിയിൽ അന്തിമ പട്ടിക പുറത്തിറക്കും. ഇതിന് ശേഷമായിരിക്കും ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം. 2002ലാണ് ബംഗാളിൽ അവസാനമായി എസ്ഐആർ നടത്തിയത്.
58 ലക്ഷം പേരെ പുറത്താക്കിയ നടപടിക്കെതിരെ വിമർശനവുമായി ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. നിയമാനുസൃത വോട്ടർമാരെ വെട്ടിനിരത്തിയ നടപടി അനീതിയാണെന്നും ഇതിന് പിന്നിൽ ബിജെപിയുടെ ഗൂഢാലോചനയുണ്ടെന്നും തൃണമൂൽ എംപി സൗഗത റോയ് ആരോപിച്ചു. വെട്ടിമാറ്റപ്പെട്ടവരെ വീണ്ടും ഉൾപ്പെടുത്താനാവശ്യമായ ഫോം പൂരിപ്പിച്ചുനൽകാൻ തങ്ങൾ സഹായ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും അവർ അറിയിച്ചു.
എസ്ഐആർ കരട് ലിസ്റ്റിലെ പ്രശ്നം വരുംദിവസങ്ങളിൽ സംസ്ഥാനത്ത് വലിയ രാഷ്ട്രീയ കോലാഹലത്തിന് കാരണമാകാൻ സാധ്യതയുണ്ട്. നേരത്തെ തന്നെ എസ്ഐആറിനെതിരെ രംഗത്തെത്തിയ മുഖ്യമന്ത്രി മമത ബാനർജി, തെരഞ്ഞെടുപ്പിന് മുമ്പ് ലക്ഷക്കണക്കിന് യോഗ്യരായ വോട്ടർമാരുടെ പേരുകൾ ഇല്ലാതാക്കാനുള്ള ശ്രമമാണ് കേന്ദ്രവും തെരഞ്ഞെടുപ്പ് കമ്മീഷനും നടത്തുന്നതെന്നും ആരോപിച്ചിരുന്നു.
പട്ടികയിൽ നിന്ന് പേര് വേട്ടിമാറ്റപ്പെടുന്നവർ തെരുവിലിറങ്ങി പ്രതിഷേധിക്കണമെന്ന് ഈ മാസമാദ്യം കൃഷ്ണനഗറിൽ നടന്ന റാലിയിൽ മമത ആഹ്വാനം ചെയ്തിരുന്നു. എന്നാൽ, എസ്‌ഐആറിനെതിരായ മമതയുടെ വിമർശനം അനധികൃത കുടിയേറ്റക്കാർ ഉൾപ്പെടുന്ന അവരുടെ വോട്ട് ബാങ്ക് സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നായിരുന്നു ബിജെപി ആരോപണം.
നേരത്തെ ബിഹാറിൽ, ആഗസ്റ്റ് ഒന്നിന് പുറത്തുവന്ന കരട് പട്ടികയിൽ 65 ലക്ഷം വോട്ടർമാരാണ് പുറത്താക്കപ്പെട്ടിരുന്നത്. ഇതിനെതിരെ വ്യാപക വിമർശനവും പ്രതിഷേധവുമാണ് പ്രതിപക്ഷ പാർട്ടികൾ ഉയർത്തിയത്. പ്രതിഷേധം ശക്തമായതോടെ ഒഴിവാക്കിയവരിൽ 18 ലക്ഷം പേരെ ഉൾപ്പെടുത്തി സെപ്തംബർ 30ന് അന്തിമവോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ഇതിൽ എസ്ഐആറിന് മുമ്പുള്ള പട്ടികയിലേതിനേക്കാൾ 47 ലക്ഷം പേരാണ് ഒഴിവാക്കപ്പെട്ടത്.
നിലവിൽ എസ്ഐആർ നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഇത്തരത്തിൽ വ്യാപകമായ ഒഴിവാക്കൽ നടക്കുമെന്ന ആശങ്ക ശരിവയ്ക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന ബംഗാളിലെ എസ്ഐആർ കരട് ലിസ്റ്റ്. കേരളവും തമിഴ്നാടും അടക്കം ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് നിലവിൽ എസ്ഐആർ നടക്കുന്നത്.