ഇൻഷുറൻസ് തുക തട്ടാൻ 'സുകുമാരക്കുറുപ്പ് മോഡൽ' കൊല; സഞ്ചാരിയെ കാറിലിട്ട് കത്തിച്ച് യുവാവ്; കുടുക്കിയത് പെൺസുഹൃത്തിനയച്ച മെസേജ്
ഞായറാഴ്ച പുലർച്ചെയാണ് ഒരു യുവാവിന്റെ മൃതദേഹം തീപിടിച്ചുനശിച്ച കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
മുംബൈ: ഒരു കോടി രൂപയുടെ ഇൻഷുറൻസ് തുക തട്ടാൻ മറ്റൊരാളെ കാറിലിട്ട് കത്തിച്ച് സ്വന്തം മരണമാക്കി ചിത്രീകരിച്ച് കുടുംബത്തെയും നാട്ടുകാരെയും പൊലീസിനേയും കബളിപ്പിച്ച് യുവാവ്. സുകുമാരക്കുറുപ്പ് മോഡലിൽ യുവാവ് ക്രൂരമായി കൊലപ്പെടുത്തിയത് സഞ്ചാരിയെ. എന്നാൽ തുക കൈക്കലാക്കി അടിച്ചുപൊളിക്കാമെന്ന യുവാവിന്റെ മോഹത്തിന് അധികം ആയുസുണ്ടായിരുന്നില്ല. കേരളത്തിലെ സുകുമാരക്കുറുപ്പ് പിടിയിലായില്ലെങ്കിലും ഈ സുകുമാരക്കുറുപ്പ് ദിവസങ്ങൾക്കുള്ളിൽ വലയിലായി. മഹാരാഷ്ട്രയിലെ ലാതൂരിലെ ഔസ താലൂക്കിലാണ് സംഭവം.
ഗണേഷ് ചവാൻ എന്നയാളാണ് അറസ്റ്റിലായത്. ഗോവിന്ദ് യാദവ് എന്ന ഹിച്ച്ഹൈക്കറിനാണ് ഇയാളുടെ ചതിയിൽപ്പെട്ട് ജീവൻ നഷ്ടമായത്. ഞായറാഴ്ച പുലർച്ചെയാണ് ഔസയിൽ ഒരു യുവാവിന്റെ മൃതദേഹം തീപിടിച്ചുനശിച്ച കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
പൊലീസ് കാറുടമയെ തിരിച്ചറിഞ്ഞെങ്കിലും വാഹനം അയാൾ തന്റെ ബന്ധുക്കളിൽ ഒരാൾക്ക് വാടകയ്ക്ക് കൊടുത്തതായി കണ്ടെത്തി. ബാങ്ക് റിക്കവറി ഏജന്റായ ഗണേഷ് ചവാനാണ് കാർ കൊണ്ടുപോയതെന്ന് വ്യക്തമായ പൊലീസ്, ഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അന്വേഷിച്ചപ്പോൾ, ചവാൻ വീട്ടിൽ തിരിച്ചെത്തിയിട്ടില്ലെന്നും ഫോൺ സ്വിച്ച് ഓഫ് ആണെന്നും വ്യക്തമായി.
ഇതോടെ, മരിച്ചത് ചവാനാണെന്ന് പൊലീസ് കരുതുകയായിരുന്നു. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറുകയും ചെയ്തു. എന്നാൽ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഗണേഷിന് ഒരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നെന്ന് കണ്ടെത്തിയെന്ന് ലാതൂർ പൊലീസ് സൂപ്രണ്ട് അമോൽ താംബെ പറഞ്ഞു. പിന്നാലെ, ഈ യുവതിയെ ചോദ്യം ചെയ്യുകയും സംഭവത്തിന് ശേഷം ഇയാൾ ഇവർക്ക് മറ്റൊരു നമ്പരിൽനിന്ന് മെസേജ് അയച്ചതായും പൊലീസ് കണ്ടെത്തി.
ഇതോടെ, മരിച്ചെന്ന് കരുതിയയാൾ ജീവിച്ചിരിപ്പുണ്ടെന്ന് പൊലീസിന് വ്യക്തമായി. കാറിൽ മരിച്ചുകിടന്നത് ആരാണെന്ന് അറിയാനും ചവാനെ കണ്ടെത്താനും ഇയാളുടെ രണ്ടാമത്തെ ഫോൺ നമ്പർ പൊലീസ് ട്രാക്ക് ചെയ്യാൻ തുടങ്ങി. നമ്പർ തേടിയുള്ള യാത്ര ആദ്യം കോലാപൂരിലേക്കും പിന്നീട് സിന്ധുദുർഗ് ജില്ലയിലെ വിജയദുർഗിലേക്കുമെത്തി. അവിടെ നിന്ന് പൊലീസ് ചവാനെ കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ചവാനെ ചോദ്യം ചെയ്തതോടെയാണ് ക്രൂര കൊലപാതകത്തിന്റെ രീതിയും ഉദ്ദേശ്യവും പുറത്തുവരുന്നത്. ഭവനവായ്പ അടയ്ക്കാൻ ചവാൻ, ഒരു കോടി രൂപയുടെ ലൈഫ് ഇൻഷുറൻസ് പോളിസി എടുത്തിരുന്നതായി പൊലീസ് കണ്ടെത്തി. ഈ പണം കൈക്കലാക്കാൻ സ്വന്തം മരണം വ്യാജമായി സൃഷ്ടിക്കാൻ മറ്റൊരാളെ കൊല്ലാൻ ആസൂത്രണം ചെയ്യുകയായിരുന്നു ഇയാൾ.
ശനിയാഴ്ച കാറിൽ യാത്ര ചെയ്യവെ, ഔസയിലെ തുൽജപൂർ ടി- ജങ്ഷനിൽ വച്ച് കണ്ടുമുട്ടിയ ഹിച്ച്ഹൈക്കറായ ഗോവിന്ദ് യാദവിന് ലിഫ്റ്റ് വാഗ്ദാനം ചെയ്ത് വാഹനത്തിൽ കയറ്റി. യാദവ് മദ്യപിച്ചിരുന്നത് ചവാന് ഗുണമായി.
യാത്രയ്ക്കിടെ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങിയ ശേഷം ഇവർ വനവാഡ പതി- വനവാഡ റോഡിലേക്ക് പോയി. തുടർന്ന് റോഡരികിൽ കാർ പാർക്ക് ചെയ്ത ശേഷം യാദവ് ഭക്ഷണം കഴിച്ചു. താമസിയാതെ വാഹനത്തിനുള്ളിൽ കിടന്ന് ഇയാൾ ഉറങ്ങിപ്പോയി. ഇതോടെ, ചവാൻ ഇയാളെ ഡ്രൈവിങ് സീറ്റിൽ എത്തിച്ച് സീറ്റ് ബെൽറ്റ് ഇടുകയും തീപ്പെട്ടിയും പ്ലാസ്റ്റിക് ബാഗുകളും സീറ്റിൽ ഇട്ട് തീകൊളുത്തുകയുമായിരുന്നു.
പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും താൻ മരിച്ചെന്ന് കുടുംബത്തെ വിശ്വസിപ്പിക്കാനും വേണ്ടി, ചവാൻ തന്റെ ബ്രേസ്‌ലെറ്റ് യാദവിന്റെ അടുത്ത് ഉപേക്ഷിച്ചിരുന്നതായും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തിൽ കൊലപാതക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ചവാന് കൂട്ടാളികൾ ഉണ്ടായിരുന്നോ എന്ന് കണ്ടെത്താൻ കൂടുതൽ അന്വേഷണം നടത്തുമെന്നും എസ്പി താംബെ കൂട്ടിച്ചേർത്തു.