കൊൽക്കത്തയിലെ മെസിയുടെ സന്ദർശനം അലങ്കോലമായി: ബംഗാൾ കായിക മന്ത്രി രാജിവെച്ചു

മുഖ്യമന്ത്രി മമത ബാനർജിക്കാണ് കായികമന്ത്രി രാജിക്കത്ത് നൽകിയത്

Update: 2025-12-16 10:55 GMT
Editor : rishad | By : Web Desk

കൊല്‍ക്കത്ത: ലയണൽ മെസിയുടെ ഗോട്ട് ഇന്ത്യ പര്യടനത്തിനിടെ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാതലത്തില്‍ പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിവെച്ചു.

മുഖ്യമന്ത്രി മമത ബാനർജിക്കാണ് കായികമന്ത്രി രാജിക്കത്ത് നൽകിയത്. സംഭവത്തിൽ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം ഉറപ്പാക്കാൻ താൻ സ്ഥാനമൊഴിയുകയാണെന്ന് അദ്ദേഹം കത്തില്‍ പറയുന്നു. മമതയുടെ ഏറ്റവും വിശ്വസത്നും ടിഎംസിയിലെ ശക്തനുമാണ് രാജിവെക്കുന്നത്.

നിർണായകമായ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ 'റിസ്ക്' എടുക്കാനില്ലെന്നാണ് വിശ്വസ്തന്റെ രാജിയിലൂടെ മമത തെളിയിക്കുന്നത്. മെസിയുടെ ചടങ്ങ് അലങ്കോലമായത് പ്രതിപക്ഷം എറ്റെടുത്തിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ  ഉന്നതതല അന്വേഷണ സമിതിയെ മമത ബാനർജി നിയോഗിച്ചിരുന്നു. 

Advertising
Advertising

സ്റ്റേഡിയത്തിലെത്തിയ മെസിയേയും സഹതാരങ്ങളെയും വ്യക്തമായി കാണാൻ കഴിയാത്തതിൽ പ്രകോപിതരായ ആരാധകർ അക്രമാസക്തരായിരുന്നു. ഇതോടെ  നിശ്ചയിച്ചതിനേക്കാൾ വേഗത്തിൽ മെസി മടങ്ങുകയായിരുന്നു. സംഭവത്തിൽ പൊലീസുകാർക്ക് ഉൾപ്പെടെ ചെറിയ പരിക്കേറ്റു. പിന്നാലെ മെസി എത്തിയ ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിലെ പരിപാടികൾ ഒരു തടസ്സവുമില്ലാതെ നടന്നിരുന്നു.

മെസിയും സംഘവും ശനിയാഴ്ച രാവിലെ 11.30-ഓടെയാണ് സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലെത്തിയത്. സഹതാരങ്ങളായ ലൂയി സുവാരസ്, റോഡ്രിഗോ ഡി പോള്‍ എന്നിവരും കൂടെയുണ്ടായിരുന്നു. 4000 മുതല്‍ 15000 രൂപ വരെയായിരുന്നു പരിപാടിയുടെ ടിക്കറ്റ് നിരക്ക്. കരിഞ്ചന്തയില്‍ 20000 രൂപവരെ നല്‍കി ടിക്കറ്റ് വാങ്ങിയവരുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി അമ്പതിനായിരത്തോളം ആളുകള്‍ മെസിയെ കാണാനെത്തിയിരുന്നു.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News