മുർഷിദാബാദ് സംഘർഷം: കേന്ദ്രസേനയെ വിന്യസിക്കാൻ ഹൈക്കോടതി ഉത്തരവ്

പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയുടെ ഹരജിയിലാണ് ഉത്തരവ്.

Update: 2025-04-12 13:57 GMT
Advertising

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിലുണ്ടായ സംഘർഷത്തിൽ ഹൈക്കോടതി ഇടപെടൽ. ജില്ലയിൽ കേന്ദ്ര സേനയെ വിന്യസിക്കാൻ കൊൽക്കത്ത ഹൈക്കോടതിയുടെ സ്‌പെഷ്യൽ ബെഞ്ച് ഉത്തരവിട്ടു. പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയുടെ ഹരജിയിലാണ് ഉത്തരവ്.

വഖഫ് ഭേദഗതി നിയമത്തിനെതിരെ വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തിനിടെയാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. രണ്ടുപേർ സംഘർഷത്തിലും ഒരാൾ വെടിവെപ്പിലുമാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അഡീഷണൽ ഡയറക്ടർ ജനറൽ ജാവേദ് ഷമീം പറഞ്ഞു. സംഘർഷവുമായി ബന്ധപ്പെട്ട് 118 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്നലെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങിയത്. മുർഷിദാബാദിന് പുറമെ ഹൂഗ്ലി, മാൾഡ, സൗത്ത് പർഗാനാസ് തുടങ്ങിയ ജില്ലകളിലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മുർഷിദാബാദിലാണ് വ്യാപക സംഘർഷമുണ്ടായത്. സംഘർഷമുണ്ടായ മേഖലയിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംഘർഷം നിയന്ത്രണവിധേയമാണെന്നും സോഷ്യൽ മീഡിയയിലടക്കം നടക്കുന്ന പ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

സംഘർഷത്തിൽ പശ്ചിമ ബംഗാൾ സർക്കാരിനെ കുറ്റപ്പെടുത്തി ബിജെപി രംഗത്തെത്തി. മുഖ്യമന്ത്രി മമതാ ബാനർജി കലാപകാരികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. സംഘർഷത്തിൽ നിരോധിത സംഘടനകൾക്ക് പങ്കുണ്ടെന്നും എൻഐഎ അന്വേഷണം വേണമെന്നും ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു. അതേസമയം വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തവർ തന്നെയാണോ സംഘർഷമുണ്ടാക്കിയത് അല്ലെങ്കിൽ പുറത്തുനിന്നുള്ളവർക്ക് പങ്കുണ്ടോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ജനങ്ങൾ സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി അഭ്യർഥിച്ചു. വഖഫ് ഭേദഗതി നിയമം ബംഗാളിൽ നടപ്പാക്കില്ലെന്ന് മമത നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിയമം കൊണ്ടുവന്നത് കേന്ദ്ര സർക്കാരാണ്. പ്രതിഷേധിക്കുന്നവർ ഉത്തരം തേടേണ്ടത് കേന്ദ്ര സർക്കാരിൽ നിന്നാണെന്നും മമത പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News