‘വഖഫ് ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധം’; സുപ്രീംകോടതിയെ സമീപിച്ച് വിജയ്
തമിഴ്നാട് സർക്കാരും ഡിഎംകെയും നിയമത്തിനെതിരെ ഹരജി നൽകിയിട്ടുണ്ട്
ചെന്നൈ: കേന്ദ്ര സർക്കാർ നടപ്പാക്കിയ വഖഫ് ഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് തമിഴക വെട്രി കഴകം പ്രസിഡന്റും നടനുമായ വിജയ് സുപ്രീംകോടതിയെ സമീപിച്ചു. നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ചുകൊണ്ടാണ് ഹരജി നൽകിയത്.
തമിഴ്നാട് സർക്കാരും ഡിഎംകെയും നിയമത്തിനെതിരെ ഹരജി നൽകിയിട്ടുണ്ട്. വഖഫ് ബില്ലിനെതിരെ തമിഴക വെട്രി കഴകത്തിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് വിജയ് കോടതിയെ സമീപിക്കുന്നത്.
വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹരജികൾ സുപ്രിംകോടതി ഈ മാസം 16ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജികൾ പരിഗണിക്കുക. ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ.വി വിശ്വനാഥൻ എന്നിവരാണ് ബെഞ്ചിലെ മറ്റു ജഡ്ജിമാർ. വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും ഹരജികൾ സമർപ്പിച്ചിട്ടുണ്ട്.