നട്ടുപിടിപ്പിച്ചത് ഒരു കോടിയിലധികം മരങ്ങൾ; ‘വനജീവി’ രാമയ്യ അന്തരിച്ചു
2017ൽ പത്മശ്രീ പുരസ്കാരം നൽകി രാജ്യം ആദരിച്ചു
ഹൈദരാബാദ്: പത്മശ്രീ ജേതാവ് ധരിപ്പള്ളി രാമയ്യ അന്തരിച്ചു. ഹൃദയാഘാതം മൂലം 87ാം വയസ്സിലാണ് മരണം. ‘വനജീവി' രാമയ്യ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇദ്ദേഹം പ്രകൃതി സംരക്ഷണം ജീവാത്മാവാക്കി ജീവിതത്തിൻ്റെ ഏറിയ പങ്കും സംസ്ഥാനത്തുടനീളം മരങ്ങൾ നട്ടുപിടിപ്പിക്കാൻ വേണ്ടിയാണ് ചെലവഴിച്ചത്. മരങ്ങളോടും ചെടികളോടുമുള്ള ഇദ്ദേഹത്തിന്റെ പ്രിയം ആളുകൾക്കിടയിൽ ഇദ്ദേഹത്തിന് ചേത്‍ല (മരം) രാമയ്യ എന്ന വിളിപ്പേര് നൽകി.
തെലങ്കാനയിലെ കമ്മം ജില്ലയിലെ റെഡ്ഡിപ്പള്ളി എന്ന ഗ്രാമത്തിൽ ജനിച്ച രാമയ്യ പത്താം ക്ലാസ് വരെ സ്‌കൂൾ വിദ്യാഭ്യാസം നേടിയിട്ടുണ്ട്. ചെറുപ്പത്തിൽ തൻ്റെ അമ്മ നടുവാൻ വേണ്ടി വിത്തുകൾ മാറ്റിവെക്കുന്നത് കണ്ട് വളർന്ന രാമയ്യക്ക് ചെടികളോടും അവ സംരക്ഷിക്കുന്നതിനോടുമുള്ള ഇഷ്ടം കാലക്രമേണ വർധിച്ചു.
വളരെ ചെറുപ്പത്തിലേ മരങ്ങൾ നട്ടുപിടിപ്പിക്കൽ തുടങ്ങിയ രാമയ്യ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടയിൽ ഒരു കോടിയിൽ പരം മരത്തൈകൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ‘പ്രകൃതി നമ്മോട് കാണിക്കുന്ന കാരുണ്യത്തിന് നാം അവയോടും തിരിച്ചും കടപ്പെട്ടിരിക്കണം’ -രാമയ്യ ഇടയ്ക്കിടെ പറയുമായിരുന്നു. തണൽ മരങ്ങൾക്ക് പുറമെ ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിക്കാറുണ്ടായിരുന്ന രാമയ്യ ഒരിക്കൽ പുതിയ വിത്തും തൈകളും വാങ്ങിക്കാൻ തൻ്റെ മൂന്ന് ഏക്കർ സ്ഥലം വരെ വിൽക്കുകയുണ്ടായി.
രാമയ്യയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, അദ്ദേഹത്തിന്റെ വിടവാങ്ങൽ രാജ്യത്തിന് തന്നെ തീരാനഷ്ടമാണെന്ന് പറഞ്ഞു. 1995ലെ സേവാ പുരസ്കാരം, 2005ലെ വനമിത്ര പുരസ്കാരം എന്നിവ നേടിയ രാമയ്യക്ക് 2017ൽ സാമൂഹ്യസേവനത്തിനുള്ള പത്മശ്രീ പുരസ്കാരം നൽകി രാജ്യം ആദരിച്ചു.