കേണൽ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപം: ബിജെപി മന്ത്രിയെ തള്ളി കേന്ദ്ര നേതൃത്വം
സോഫിയ ഭാരതത്തിന്റെ അഭിമാനമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി
ന്യൂ ഡൽഹി: കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബിജെപി മന്ത്രിയെ തള്ളി കേന്ദ്ര നേതൃത്വം. സോഫിയ ഖുറേഷി ഇന്ത്യൻ തലമുറയുടെ മാതൃകയെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി പറഞ്ഞു. സോഫിയ ഭാരതത്തിന്റെ അഭിമാനമെന്നും ബി.എൽ സന്തോഷ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസമാണ് കേണൽ സോഫിയ ഖുറേഷിയെ മധ്യപ്രദേശ് ബിജെപി മന്ത്രി കുൻവർ വിജയ് ഷാ അധിക്ഷേപിച്ചത്. ഭീകരവാദികളുടെ സഹോദരി എന്നാണ് സംസ്ഥാന ആദിവാസി ക്ഷേമ മന്ത്രി കൂടിയായ കുൻവർ വിജയ് ഷാ, സോഫിയ ഖുറേഷിയയെ പരോക്ഷമായി വിശേഷിപ്പിച്ചത്. ഇൻഡോർ ജില്ലയിലെ മഹുവിൽ നടന്ന ഒരു സര്‍ക്കാര്‍ പരിപാടിയിലായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യയുടെ തിരിച്ചടിയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലിനെയും അഭിനന്ദിക്കുന്നതിനിടെയാണ് വിവാദ പരാമര്‍ശങ്ങള്‍ കടന്നുവന്നത്.
മന്ത്രി പ്രസംഗിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ തന്നെ ബിഹാര്‍ കോണ്‍ഗ്രസ് മന്ത്രിക്കെതിരെ രംഗത്ത് എത്തിയിരുന്നു. മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ കരി ഓയിൽ ഒഴിച്ച് കോൺഗ്രസ് പ്രതിഷേധിച്ചു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് മനോജ് ശുക്ല വസതിക്ക് പുറത്ത് മുദ്രാവാക്യം വിളിച്ചു. ധ്യപ്രദേശ് കോൺഗ്രസ് മേധാവി ജിതു പട്വാരി ഷായുടെ പരാമർശത്തെ അപലപിക്കുകയും അദ്ദേഹത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി മന്ത്രി തന്നെ രംഗത്ത് എത്തിയിരുന്നു. തന്റെ പരാമര്‍ശങ്ങള്‍ വളച്ചൊടിച്ചുവെനന്നായിരുന്നു വിശദീകരണം.