അഞ്ച് വർഷമായി ജയിലിൽ വിചാരണ കാത്ത് കഴിയുന്ന പീഡനക്കേസ് പ്രതിക്ക് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി
പീഡനം, വഞ്ചന, സൈബർ കുറ്റകൃത്യങ്ങൾ, കൊള്ള തുടങ്ങിയ കുറ്റങ്ങൾ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന അഭിഷേക് കുമാർ സിങ്ങിനാണ് വിചാരണ വൈകുന്നത് ചൂണ്ടിക്കാട്ടി കോടതി ജാമ്യം അനുവദിച്ചത്.
മുംബൈ: അഞ്ച് വർഷമായി ജയിലിൽ കഴിയുന്ന പീഡനക്കേസ് പ്രതിക്ക് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി. ദീർഘകാല ജയിൽവാസവും വിചാരണയിലെ കാലതാമസവും ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. പീഡനം, വഞ്ചന, സൈബർ കുറ്റകൃത്യങ്ങൾ, കൊള്ള തുടങ്ങിയ കുറ്റങ്ങൾ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന അഭിഷേക് കുമാർ സിങ്ങിനാണ് ജസ്റ്റിസ് മിലിന്ദ് ജാദവ് ജാമ്യം അനുവദിച്ചത്. 2020 ഫെബ്രുവരി 27 മുതൽ അഭിഷേക് കുമാർ ജയിലിലാണ്.
2020ൽ തന്നെ ജാമ്യം തേടിയിരുന്നെങ്കിലും സിങ് പിന്നീട് ഹരജി പിൻവലിച്ചു. 2021ൽ കോടതി ജാമ്യം നിഷേധിച്ചു. 2023ൽ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും കോടതി ഇടപെടാൻ വിസമ്മതിച്ചു. കഴിഞ്ഞ വർഷം വിചാരണക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് സിങ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.
പ്രതിയുടെ സ്വഭാവത്തിലെ പിഴവുകൾ കാരണമാണ് വിചാരണ വൈകിയതെന്ന് ചൂണ്ടിക്കാട്ടി പബ്ലിക് പ്രോസിക്യൂട്ടർമാർ ജാമ്യം നൽകുന്നതിനെ എതിർത്തു. എന്നാൽ വിചാരണ നടന്ന 70 ഹിയറിങ്ങുകളിൽ 68 തവണയും സിങ്ങിനെ കോടതിയിൽ ഹാജരാക്കിയിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ അറിയിച്ചു.
ജയിലിൽ കഴിയുന്ന ഓരോ ദിവസവും സാഹചര്യങ്ങളിൽ മാറ്റമുണ്ടാവും എന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ജാദവ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. അഞ്ച് വർഷവും ഒരു മാസവും 11 ദിവസവും സിങ് ജയിലിൽ കഴിഞ്ഞു. ദീർഘകാലം തടവിൽവെക്കുന്നത് വേഗത്തിലുള്ള വിചാരണക്ക് അവകാശം നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം മൗലികാവകാശത്തിന്റെ ലംഘനമാണെന്നും കോടതി പറഞ്ഞു.