ദുബൈയിൽ പുതിയ പാലം തുറന്നു
ജുമൈറയിൽനിന്ന് അൽമിന സ്ട്രീറ്റിലേക്ക് ഇൻഫിനിറ്റി ബ്രിഡ്ജ് ദിശയിലാണ് പാലം
ദുബൈ: ദുബൈ നഗരത്തിൽ പുതിയ പാലം ഗതാഗതത്തിന് തുറന്നു കൊടുത്തു. ജുമൈറ സ്ട്രീറ്റിനെ അൽമിന സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന സുപ്രധാനപാലമാണ് ഇന്ന് തുറന്നുകൊടുത്തത്. ജുമൈറ സ്ട്രീറ്റിൽ നിന്ന് അൽമിന സ്ട്രീറ്റിലേക്ക് ഇൻഫിനിറ്റി ബ്രിഡ്ജിന്റെ ദിശയിലാണ് 985 മീറ്റർ നീളമുള്ള പുതിയ പാലം. രണ്ട് ലൈനുകളുള്ള പാലത്തിലൂടെ മണിക്കൂറിൽ 3200 വാഹനങ്ങൾക്ക് കടന്നുപോകാൻ ശേഷിയുണ്ടാകുമെന്ന് ദുബൈ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. യാത്രാസമയം 12 മിനിറ്റിൽ നിന്ന് നാല് മിനിറ്റായി കുറക്കാൻ പുതിയ പാലം സഹായിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ജുമൈറയിൽ സ്ട്രീറ്റിൽ നിന്ന് അൽമിന സ്ട്രീറ്റ് വഴി ഇൻഫിനിറ്റി ബ്രിഡ്ജ് ഭാഗത്തേക്ക് യാത്രചെയ്യുന്നവർക്ക് ഗതാഗതം ഏറെ എളുപ്പമാകും. ഈ റൂട്ടിൽ ട്രാഫിക് സിഗ്‌നലുകളിൽ വാഹനം നിർത്തേണ്ടതില്ല എന്നതാണ് മറ്റൊരു സൗകര്യം.
അൽശിന്ദഹ കൊറിഡോർ വികസന പദ്ധതിയുടെ നാലാംഘട്ടത്തിന്റെ ഭാഗമായാണ് പുതിയ പാലം നിർമാണം പൂർത്തിയാക്കിയത്. അൽമിന സ്ട്രീറ്റിലെ ഫാൽക്കൻ ഇന്റർസെക്ഷൻ മുതൽ ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കും ശൈഖ് റാശിദ് റോഡ് ഇന്റർസെക്ഷനിലേക്കും നീളുന്ന 4.8 കീലോമീറ്റർ റോഡും ഈ ഘട്ടത്തിന്റെ ഭാഗമാണ്. 3.1 കിലോമീറ്റർ ദൈർഘത്തിൽ മൊത്തം അഞ്ച് പാലങ്ങളാണ് ഈ ഘട്ടത്തിൽ നിർമിക്കുന്നത്. രണ്ട് കാൽനടപാലങ്ങളും 780 മീറ്റർ ദൈർഘ്യമുള്ള മൂന്നുവരി പാലവും ഈവർഷം രണ്ടാംപാദത്തിൽ നിർമാണം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.