ശൈഖ് ഹംദാൻ പുരസ്‌കാരത്തിൽ മലയാളിത്തിളക്കം; പുരസ്‌കാരം സമ്മാനിച്ചു
അപർണ നായർ, അനുപമ എന്നീ മലയാളി വിദ്യാർഥികളാണ് പുരസ്‌കാരം നേടിയത്
ദുബൈ: യുഎഇയിലെ മികച്ച വിദ്യാർഥികൾക്കായി വിദ്യാഭ്യാസ മന്ത്രാലയം ഏർപ്പെടുത്തിയ ശൈഖ് ഹംദാൻ പുരസ്‌കാരത്തിൽ മലയാളിത്തിളക്കം. അപർണ നായർ, അനുപമ എന്നീ മലയാളി വിദ്യാർഥികളാണ് പുരസ്‌കാരം നേടിയത്. ശൈഖ് റാഷിദ് ബിൻ ഹംദാൻ പുരസ്‌കാരം സമ്മാനിച്ചു.
വിദ്യാഭ്യാസ മികവിന് യുഎഇ നൽകുന്ന ഏറ്റവും മികച്ച പുരസ്‌കാരങ്ങളിലൊന്നാണ് ശൈഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം ഫൗണ്ടേഷൻ അവാർഡ്. ദുബൈ വേൾഡ് ട്രേഡ് സെന്റർ റാഷിദ് ഹാളിൽ നടന്ന പ്രൗഢമായ ചടങ്ങിലാണ് അവാർഡുകൾ വിതരണം ചെയ്തത്.
ഷാർജ ജെംസ് മില്ലേനിയം സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് പുരസ്‌കാരം നേടിയ അനുപമ. പാഠ്യേതര മേഖലയിലെ മികവു കൂടി പരിഗണിച്ചായിരുന്നു പുരസ്‌കാരം. കോഴിക്കോട് കോട്ടൂളി സ്വദേശികളായ അഗ്രികൾച്ചർ എഞ്ചിനീയർ പ്രമോദ് ചന്ദ്രന്റെയും ഷാർജ ജെംസ് മില്ലെനിയം സ്‌കൂൾ ഇന്നൊവേഷൻ ലീഡർ കവിതയുടെയും മകളാണ്. നേരത്തെ മൂന്നു തവണ ശൈഖ് ഹംദാൻ പുരസ്‌കാരം നേടിയിട്ടുണ്ട്. രണ്ടു തവണ ഷാർജ അവാർഡ് ഫോർ എഡ്യുക്കേഷൻ എക്‌സലൻസ് പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.
അൽ ഐൻ ഇന്ത്യൻ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർഥിനിയാണ് അപർണാ അനിൽ നായർ. അൽ ഐനിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുന്ന തിരുവല്ല സ്വദേശി അനിൽ വി. നായരുടെയും നഴ്‌സായി പ്രവർത്തിക്കുന്ന അഞ്ജലി വിധുദാസിന്റെയും മകളാണ്.
വിവിധ മേഖലകളിൽ നിന്നുള്ള 61 വിജയികളെ ചടങ്ങിൽ ആദരിച്ചു. പ്രാദേശിക, ഗൾഫ്, അന്താരാഷ്ട്ര തലങ്ങളിൽ നിന്നായി 42 വിദ്യാർഥികൾ, അധ്യാപകർ, ഗവേഷകർ, ഗൾഫ് മേഖലയിൽ നിന്ന് പതിനേഴു സ്ഥാപനങ്ങൾ എന്നിവ പുരസ്‌കാരങ്ങൾ നേടി.