ശൈഖ് ഹംദാൻ അവാർഡ് അപർണാ അനിൽ നായർക്ക് സമ്മാനിച്ചു
യുഎഇയിലെ മികച്ച വിദ്യാർഥികൾക്കായി വിദ്യാഭ്യാസ മന്ത്രാലയം ഏർപ്പെടുത്തിയതാണ് പുരസ്‌കാരം
ദുബൈ: യുഎഇയിലെ മികച്ച വിദ്യാർഥികൾക്കായി വിദ്യാഭ്യാസ മന്ത്രാലയം ഏർപ്പെടുത്തിയ ശൈഖ് ഹംദാൻ ബിൻ റാഷിദ് ആൽ മക്തൂം ഫൗണ്ടേഷൻ അവാർഡിന് അൽ ഐൻ ഇന്ത്യൻ സ്‌കൂൾ, പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർഥിനി അപർണാ അനിൽ നായർ അർഹയായി. ശൈഖ് റാഷിദ് ബിൻ ഹംദാൻ ആൽ മക്തൂം പുരസ്‌കാരം സമ്മാനിച്ചു. ദുബൈ വേൾഡ് ട്രേഡ് സെന്റർ റാഷിദ് ഹാളിൽ നടന്ന ചടങ്ങിലായിരുന്നു പുരസ്‌കാര ദാനം.
തിരുവല്ല സ്വദേശികളായ അനിൽ വി. നായരുടെയും അഞ്ജലി വിധുദാസിന്റെയും മകളാണ് അപർണാ അനിൽ നായർ. അനിൽ അൽ ഐനിൽ ഫാർമസിസ്റ്റായും അഞ്ജലി വിധുദാസ് സെഹ അൽ ഐനിൽ നഴ്‌സായും പ്രവർത്തിക്കുകയാണ്. അൽ ഐൻ ഇന്ത്യൻ സ്‌കൂളിലെ പതിനൊന്നാം ക്ലാസ്സ് വിദ്യാർഥിയും ചിത്രകാരനുമായ അരവിന്ദ് അനിൽ നായർ സഹോദരനാണ്.
പ്രാദേശികവും അന്തർദേശീയവുമായ പരിപാടികളിലൂടെ കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്താനും പ്രതിഭകളെ വളർത്തിയെടുക്കാനും ലക്ഷ്യമിടുന്നതാണ് ശൈഖ് ഹംദാൻ ആൽ മക്തൂം അവാർഡ്.