Writer - razinabdulazeez
razinab@321
ദുബൈ: ദുബൈ കേന്ദ്രത്തിൽ കീം പ്രവേശന പരീക്ഷയെഴുതിയ വിദ്യാർഥികൾക്ക് പുനഃപരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കൾ. ഇക്കാര്യമുന്നയിച്ച് എൻട്രൻസ് കമീഷണർക്ക് രക്ഷിതാക്കൾ പരാതി നൽകി. സെർവർ തകരാറിനെ തുടർന്ന് ഇന്നലെ ദുബൈയിൽ നടന്ന കീം പരീക്ഷ അവതാളത്തിലായിരുന്നു.
കേരളത്തിലെ എഞ്ചിനീയറിങ്, ഫാർമസി കോഴ്സ് പ്രവേശനത്തിനായി നടത്തുന്ന കീം പരീക്ഷയുടെ ഗൾഫിലെ ഏക കേന്ദ്രമായിരുന്നു ദുബൈയിലേത്. ഗർഹൂദ് ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിൽ നടന്ന പരീക്ഷ സെർവർ തകരാറിനെ തുടർന്ന് മൂന്ന് മണിക്കൂറിലേറെ വൈകിയാണ് ആരംഭിച്ചത് തന്നെ. വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് ദുബൈയിലെത്തി പരീക്ഷയെഴുതിയ നിരവധി വിദ്യാർഥികൾ ഉച്ചക്ക് ഭക്ഷണം പോലും കഴിക്കാതെയാണ് രാത്രിവരെ നീണ്ട പരീക്ഷ പൂർത്തിയാക്കിയത്. മാനസികവും ശാരീരികവുമായി തളർന്ന കുട്ടികളുടെ അവസ്ഥ പരീക്ഷാ ഫലത്തെ ബാധിക്കുമെന്നതിനാൽ പുനപരീക്ഷ നടത്തുകയോ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകുകയോ വേണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
നൂറിലേറെ വിദ്യാർഥികളാണ് ഇന്നലെ കീം പരീക്ഷക്ക് ദുബൈയിലെ കേന്ദ്രത്തിൽ ഹാജരായത്. പരീക്ഷയുടെ ഉത്തരവാദിത്തം പൂർണമായും എൻട്രൻസ് കമീഷണർക്കാണെന്നും തങ്ങൾ പരീക്ഷയുടെ വേദിമാത്രമാണെന്നും ദുബൈയിലെ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ അധികൃതർ രക്ഷിതാക്കളുടെ പരാതിക്ക് മറുപടി നൽകിയിട്ടുണ്ട്. ഇന്ന് ഇതേ കേന്ദ്രത്തിൽ ഫാർമസി കോഴ്സുകളിലേക്കുള്ള പരീക്ഷ നടന്നെങ്കിലും കാര്യമായി പരാതികൾ ഉന്നയിക്കപ്പെട്ടിട്ടില്ല. ഈമാസം 29 വരെയാണ് കീം പരീക്ഷ.