എസി മിലാനിൽ പരിശീലനത്തിന് അവസരം ലഭിച്ച് മലയാളി താരം
രണ്ടു മാസത്തെ പരിശീലനത്തിനായി താരം ഞായറാഴ്ച ഇറ്റലിയിലേക്ക് പുറപ്പെടും
ഫുട്‌ബോൾ സ്വപ്നങ്ങളുമായി ഇറ്റലിയിലേക്ക് പറക്കാനൊരുങ്ങി യുഎഇയിലെ മലയാളി കൗമാരതാരം ഐഡാൻ നദീർ. സീരി എ വമ്പന്മാരായ എസി മിലാനിലാണ് താരത്തിന് പരിശീലനത്തിനായി അവസരം ലഭിച്ചത്. രണ്ടു മാസത്തെ പരിശീലനത്തിനായി താരം ഞായറാഴ്ച ഇറ്റലിയിലേക്ക് പുറപ്പെടും.
യുഎഇ, ഈജിപ്ത്, സൗദി അറേബ്യ, മൊറോക്കോ രാജ്യങ്ങളിലെ കൗമാര കളിക്കാർ പങ്കെടുത്ത ഫുട്‌ബോൾ ടാലന്റ് ഷോയിൽ വിജയി ആയാണ്, ഐഡാൻ എസി മിലാനിലെ സൗജന്യ പരിശീലനത്തിനായി തെരഞ്ഞെടുക്കപ്പെടുന്നത്. നാലു രാജ്യങ്ങളിൽ നിന്നായി നൂറിലേറെ പ്രതിഭകളാണ് അൺസ്റ്റോപ്പബ്ൾ- ഇറ്റാലിയൻ ഡ്രീംസ് എന്ന ഷോയുടെ പ്രാഥമിക ഘട്ടത്തിൽ ഉണ്ടായിരുന്നത്. അതിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പതിനാറു പേരിൽ നിന്നാണ് ഐഡാൻ ഒന്നാമനായത്.
ക്രിസ്റ്റ്യൻ പനൂച്ചി, മാർക്കോ മാറ്റരാസി, ക്രിസ്റ്റ്യൻ വിയേരി, ആൻട്രി ഷെവ്‌ചെങ്കോ തുടങ്ങിയ വൻതാര നിരയാണ് വിവിധ ഘട്ടങ്ങളിൽ വിധികർത്താക്കളായി ഉണ്ടായിരുന്നത്. അബൂദബിയിൽ നടന്ന ടാലന്റ് ഷോ ഒന്നര മാസത്തോളം നീണ്ടു. ദുബൈയിലെ അൽ നാസർ ക്ലബിന്റെ യൂത്ത് ടീം അംഗമായ ഐഡാൻ യുഎഇ ഫുട്‌ബോൾ ലീഗിൽ രജിസ്റ്റർ ചെയ്ത താരമാണ്. മികച്ച അത് ലറ്റു കൂടിയായ ഐഡാൻ സ്‌കൂൾ ചാമ്പ്യൻഷിപ്പുകളിൽ പല തവണ ജേതാവായിട്ടുണ്ട്.