Writer - razinabdulazeez
razinab@321
ദുബൈ: ദുബൈയിൽ നിന്ന് മുംബൈയിലേക്ക് കടൽ വഴിയുള്ള അണ്ടർ വാട്ടർ ട്രയിൻ പ്രോജക്ട് ഇപ്പോഴും ആലോചനാ ഘട്ടത്തിലാണെന്ന് പദ്ധതി മുമ്പോട്ടുവച്ച യുഎഇ നാഷണൽ അഡ്വൈസർ ബ്യൂറോ ലിമിറ്റഡ്. പദ്ധതിയെ കുറിച്ച് ഇന്ത്യൻ മാധ്യമങ്ങളിൽ ഈയിടെ പ്രത്യക്ഷപ്പെട്ട വാർത്തകൾക്ക് പിന്നാലെയാണ് വിശദീകരണം. പ്രോജക്ടിന് ഇതുവരെ ഔദ്യോഗിക അനുമതി ലഭിച്ചിട്ടില്ലെന്ന് കമ്പനി മാനേജിങ് ഡയറക്ടർ അബ്ദുല്ല അൽ ഷെഹി ഖലീജ് ടൈംസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
’ 2018 ലാണ് അണ്ടർ വാട്ടർ ട്രയിൻ എന്ന ആശയം മുമ്പോട്ടുവയ്ക്കുന്നത്. പദ്ധതിയുടെ അനുമതി എപ്പോൾ ലഭിക്കുമെന്ന് പറയുക ബുദ്ധിമുട്ടാണ്. ഫണ്ടിങിനെ കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് അനുമതി ലഭിക്കേണ്ടത് അത്യാവശ്യമാണ്. ഇന്ത്യയ്ക്കും യുഎഇക്കും ഇടയിലുള്ള വ്യാപാരത്തെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് അവതരിപ്പിക്കപ്പെട്ടത്. അയൽ രാജ്യങ്ങൾക്കും ഗുണകരമാകും. ഈ മേഖലയിലെ നൂറ്റി അമ്പത് കോടി ജനങ്ങൾക്ക് ഇത് ഉപകാരപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നു’- അദ്ദേഹം പറഞ്ഞു.
യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണ കൊണ്ടു പോകാനും ഇന്ത്യയിലെ നർമദ നദിയിൽ നിന്ന് യുഎഇയിലേക്ക് വെള്ളം കൊണ്ടുവരാനും പദ്ധതി സഹായകരമാകും. വിമാനത്തേക്കാൾ എളുപ്പത്തിൽ യാത്ര നടത്തുകയും ചെയ്യാം. ഇലക്ട്രോ മാഗ്നറ്റ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ട്രയിനുകൾ ഓടുക. മണിക്കൂറിൽ ആയിരം കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാം. അറബിക്കടലിന് 20-30 മീറ്ററിന് താഴെ സ്ഥാപിക്കുന്ന കോൺക്രീറ്റ് തുരങ്കത്തിലൂടെയാകും സഞ്ചാരമെന്ന് അബ്ദുല്ല അൽ ഷെഹി വിശദീകരിച്ചു.
ആഴക്കടൽ കാഴ്ചകൾ ആസ്വദിക്കാവുന്ന തരത്തിലാണ് ട്രയിനുകൾ വിഭാവനം ചെയ്തിട്ടുള്ളത്. പദ്ധതിക്ക് അനുമതി ലഭിച്ചാൽ, സാങ്കേതിക-എഞ്ചിനീയറിങ് വെല്ലുവിളികൾക്കായി മാത്രം ശതകോടി ഡോളറുകൾ ആവശ്യമായി വരും. ഏതെങ്കിലും തരത്തിലുള്ള ഔദ്യോഗിക സംവിധാനങ്ങളിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നുണ്ടോയെന്ന വിവരം ലഭ്യമല്ല.