Writer - razinabdulazeez
razinab@321
ദുബൈ: ദുബൈയിൽ പുതുതലമുറ ഇലക്ട്രിക്ബസ് റോഡിലിറക്കി. 76 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന ബസ് ആദ്യം അൽഖൂസ് ഡിപോയിൽ നിന്ന് ദുബൈ മാൾ മെട്രോസ്റ്റേഷനിലേക്കുള്ള റൂട്ടിലാണ് സർവീസ് നടത്തുക.
F13 റൂട്ടിൽ അൽഖൂസ് ഡിപ്പോയിൽ നിന്ന് പാലസ് ഡൗൺടൗൺ ഹോട്ടൽ, ദുബൈ ഫൗണ്ടൻ, ബുർജ് ഖലീഫ എന്നിവ വഴി ദുബൈ മാൾ മെട്രോയുടെ സൗത്ത് ബസ് സ്റ്റോപ്പ് വരെയാകും പുത്തൻ ഇലക്ട്രിബസിന്റെ ആദ്യ സർവീസ്. അത്യാധുനിക സൗകര്യങ്ങളുള്ള ബസിൽ ഡ്രൈവർക്ക് ചുറ്റുപാടുകൾ അറിയാൻ കണ്ണാടികളുണ്ടാവില്ല. പകരം ഹൈറെസലൂഷൻ സ്ക്രീനുകളായിരിക്കും. 12 മീറ്റർ നീളമുള്ള ബസിൽ 41 പേർക്ക് ഇരുന്നും, 35 പേർക്ക് നിന്നും യാത്രചെയ്യാം. വോൾവോയാണ് ഈ ബസിന്റെ നിർമാതാക്കൾ. 470 കിലോവാട്ട് മണിക്കൂർ ശേഷിയുള്ള ബാറ്ററിയാണ് പുതിയ ഇലക്ട്രിക് ബസിന്റെ മറ്റൊരു പ്രത്യേകത. ഫുൾ ചാർജ് ചെയ്താൽ 370 കിലോമീറ്റർ ബസിന് യാത്ര ചെയ്യാം. പൊതുഗതാഗത രംഗം 2050 നകം പൂർണമായും കാർബൺ വികിരണരഹിതമാക്കാനുള്ള ദുബൈയുടെ ലക്ഷ്യം കൈവരിക്കാനുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് പുത്തൻ ഇലക്ട്രിക് ബസെന്ന് ആർ.ടി.എ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി ഡയറക്ടർ മർവാൻ അൽ സറൂനി പറഞ്ഞു.