സൗദി ടൂറിസം കുതിക്കുന്നു; സ്വകാര്യ ടൂറിസം ലൈസൻസുകളിൽ 330% വർധനവ്

ഹോട്ടൽ, റിസോർട്ട്, ഗൈഡ് സേവന മേഖലകളിൽ പുതിയ തൊഴിലവസരങ്ങൾ

Update: 2025-04-17 08:32 GMT
Editor : Thameem CP | By : Web Desk
Advertising

റിയാദ്: ടൂറിസം രംഗത്ത് പുതിയ ഉയരങ്ങൾ കീഴടക്കി സൗദി അറേബ്യ. ടൂറിസം മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2024-ൽ സ്വകാര്യ ടൂറിസം സൗകര്യങ്ങൾക്കുള്ള ലൈസൻസുകളുടെ എണ്ണത്തിൽ 330 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2023-ൽ 1,900 ലൈസൻസുകൾ മാത്രമുണ്ടായിരുന്നത് 2024 ആയപ്പോഴേക്കും 8,300 ആയി ഉയർന്നു. ഇത് രാജ്യത്തെ ടൂറിസം മേഖലയിലെ വലിയ വികാസത്തെയും നിക്ഷേപത്തിനുള്ള വർധിച്ച ആവശ്യകതയെയും സൂചിപ്പിക്കുന്നു.

സൗദിയുടെ വിവിധ ഭാഗങ്ങളിൽ ടൂറിസ്റ്റുകൾക്കുള്ള സൗകര്യങ്ങൾ ഗണ്യമായി വർധിച്ചിട്ടുണ്ട്. 2024-ൽ ലൈസൻസുള്ള ടൂറിസ്റ്റ് സൗകര്യങ്ങളുടെ എണ്ണം 4,425 ആയി ഉയർന്നു. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 89 ശതമാനം വളർച്ചയാണ് കാണിക്കുന്നത്. റിയാദ്, ജിദ്ദ, മക്ക, മദീന തുടങ്ങിയ പ്രധാന നഗരങ്ങളിൽ സന്ദർശകരുടെ എണ്ണം വർധിച്ചു. കൂടാതെ, അസീർ, അൽബഹ, ജിസാൻ, റെഡ് സീ, നിയോം തുടങ്ങിയ പ്രകൃതിരമണീയമായ പ്രദേശങ്ങളും ഇപ്പോൾ ടൂറിസ്റ്റുകളുടെ ഇഷ്ട കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ പ്രദേശങ്ങളുടെ പ്രകൃതി ഭംഗിയും ചരിത്രപരമായ പ്രാധാന്യവും ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകർഷിക്കുന്നു.

ടൂറിസം മന്ത്രാലയത്തിന്റെ വക്താവ് മുഹമ്മദ് അൽ റസാസിമ ഈ വളർച്ചയെ രാജ്യത്തെ ടൂറിസം മേഖലയിലെ ഒരു വലിയ മുന്നേറ്റമായി വിശേഷിപ്പിച്ചു. ആഭ്യന്തര, അന്താരാഷ്ട്ര ടൂറിസ്റ്റുകൾക്ക് മികച്ച സേവനങ്ങൾ നൽകാനുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയാണ് ഈ നേട്ടങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷൻ 2030 പദ്ധതിയുടെ ഭാഗമായി സൗദി അറേബ്യ ടൂറിസത്തെ രാജ്യത്തിന്റെ ഒരു പ്രധാന സാമ്പത്തിക മേഖലയായി വളർത്താനുള്ള തീവ്രമായ ശ്രമത്തിലാണ്.

ഈ വളർച്ച രാജ്യത്തെ പ്രവാസികൾക്കും വലിയ അവസരങ്ങൾ തുറക്കുന്നു. സ്വകാര്യ കമ്പനികൾക്ക് ടൂറിസം രംഗത്ത് കൂടുതൽ നിക്ഷേപം നടത്താൻ സാധിക്കുന്നതോടെ ഹോട്ടലുകൾ, റിസോർട്ടുകൾ, ടൂർ ഗൈഡ് സേവനങ്ങൾ തുടങ്ങിയ വിവിധ മേഖലകളിൽ തൊഴിലവസരങ്ങൾ വർധിക്കുകയാണ്. പ്രവാസികൾക്ക് ഈ മേഖലയിൽ നിക്ഷേപം നടത്താനും പുതിയ തൊഴിലവസരങ്ങൾ കണ്ടെത്താനും ഇത് കൂടുതൽ സാധ്യത നൽകുന്നു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News