സൗദിയിൽ തിങ്കളാഴ്ച വരെ മഴ തുടരും: കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
ഇടി, പൊടിക്കാറ്റ്, വെള്ളപ്പൊക്കം എന്നിവ പ്രതീക്ഷിക്കാമെന്ന് അധികൃതർ
റിയാദ്: സൗദിയിൽ റിയാദിലടക്കം വിവിധ ഇടങ്ങളിൽ തിങ്കളാഴ്ച വരെ ഇടവിട്ട മഴ തുടരുമെന്ന് സൗദി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇടിയോടും കാറ്റോടും കൂടിയ മഴയായിരിക്കും ലഭിക്കുക. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
മഴയ്‌ക്കൊപ്പം 50 കിലോമീറ്റർ വേഗതയിൽ കാറ്റുമുണ്ടാകും. പൊടിക്കാറ്റ്, ആലിപ്പഴ വീഴ്ച്ച, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് എന്നിവക്കുള്ള സാധ്യതയും മുന്നറിയിപ്പിലുണ്ട്.
റിയാദ്, ജിസാൻ, അസീർ, അൽബാഹ, മക്ക, മദീന, ഹാഇൽ, അൽഖസീം, കിഴക്കൻ പ്രവിശ്യ, നജ്‌റാൻ എന്നിവടങ്ങളിലായിരിക്കും മഴ തുടരുക. ഇന്നലെ മുതൽ സൗദിയുടെ വിവിധ ഇടങ്ങളിൽ കാലാവസ്ഥാ മാറ്റം കണ്ടിരുന്നു. ശക്തമായ പൊടിക്കാറ്റും പലയിടത്തും വീശി. യാത്രക്കാർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പിലുണ്ട്. വെള്ളക്കെട്ടുകളിൽ വിനോദയാത്രക്കായി പോവരുതെന്ന് സഞ്ചാരികൾക്കും മുന്നറിയിപ്പ് നൽകി.