സൗദിയിൽ മഴയെത്തുന്നു; ചൂടിന് മുന്നോടിയായി കാലാവസ്ഥാ മാറ്റം
അടുത്ത തിങ്കളാഴ്ച വരെ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ മഴ ലഭിക്കും
സൗദി അറേബ്യയിൽ മികച്ച തണുപ്പ് ആസ്വദിച്ച ശേഷം ഇപ്പോൾ ചൂടിന് മുന്നോടിയായി മഴ എത്തുകയാണ്. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ കണക്കനുസരിച്ച്, അടുത്ത തിങ്കളാഴ്ച വരെ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ മഴ ലഭിക്കും. ഈ മാസാവസാനം വരെ കാലാവസ്ഥ അധികം ചൂടാകില്ല. എന്നാൽ, മഴയ്ക്ക് ശേഷം ചൂട് ഘട്ടംഘട്ടമായി വർധിക്കുമെന്നാണ് പ്രതീക്ഷ.
മഴയോടൊപ്പം ശക്തമായ കാറ്റ് വീശാനും പൊടിയും മണലും ഉയരാനും സാധ്യതയുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറിൽ 50 കിലോമീറ്റർ വരെ എത്താം. വെള്ളപ്പൊക്കം, ആലിപ്പഴ വർഷം, തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലകൾ, ചുഴലിക്കാറ്റിന്റെ സാധ്യത എന്നിവയും പ്രതീക്ഷിക്കുന്നു. ജിസാൻ, അസീർ, അൽ ബഹ, മക്ക, മദീന, ഹാഇൽ, ഖസീം, റിയാദ്, കിഴക്കൻ പ്രവിശ്യ, നജ്‌റാൻ തുടങ്ങിയ പ്രദേശങ്ങൾ മഴയുടെ സ്വാധീനത്തിലാകും.
മഴ ജനജീവിതത്തെ ബാധിക്കാതിരിക്കാൻ ജാഗ്രത വേണമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കാലാവസ്ഥാ റിപ്പോർട്ടുകളും മുന്നറിയിപ്പുകളും കാലാവസ്ഥാ വകുപ്പിന്റെ വെബ്‌സൈറ്റിലോ സോഷ്യൽ മീഡിയയിലോ ''അൻവ'' ആപ്പിലോ പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.