പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ജിദ്ദയിൽ

സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തും

Update: 2025-04-17 15:21 GMT
Advertising

റിയാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത ചൊവ്വാഴ്ച ജിദ്ദയിലെത്തും. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തും. ശേഷം വിവിധ നയതന്ത്ര, സഹകരണ കരാറുകളിൽ പ്രധാനമന്ത്രി ഒപ്പുവെക്കും. ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്ക് കീഴിൽ സന്ദർശനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാവുകയാണ്. ഇന്ത്യ-സൗദി ബിസിനസ് പ്രമുഖരുമായുള്ള കൂടിക്കാഴ്ചയും സന്ദർശനത്തിലുണ്ടാകും.

അഞ്ചു വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി വീണ്ടും സൗദിയിലേക്ക് എത്തുന്നത്. റിയാദിൽനിന്ന് മാറി ഇത്തവണ ജിദ്ദയിലേക്കാണ് വരവ്. 2023-ൽ മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യ സന്ദർശിച്ചതിന്റെ തുടർച്ചയായാണ് ഈ സന്ദർശനം. ഇന്ത്യയുടെ സഹകരണം വിവിധ മേഖലകളിൽ സൗദിയും ആഗ്രഹിക്കുന്നുണ്ട്.

ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് കോറിഡോർ പദ്ധതിയെക്കുറിച്ചും ചർച്ചയിലുണ്ടാകും. 2023-24ൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 36,150 കോടി രൂപയുടേതാണ്. ഇതിൽ ഇന്ത്യയുടെ കയറ്റുമതി 10,020 കോടി രൂപയുടേതാണ്. മുൻ വർഷത്തേക്കാൾ 7.8% വളർച്ച. നൂറ് കോടിയുടെ അരി കയറ്റുമതി തന്നെ ഇന്ത്യ ഒരു വർഷം സൗദിയിലേക്ക് നടത്തുന്നുണ്ട്. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട സഹകരണ കരാറുകളും ഇതിനാൽ സന്ദർശനത്തിൽ ഉണ്ടായേക്കും. പ്രതിരോധം, ഊർജ്ജം, ഗതാഗതം തുടങ്ങിയ മേഖലകളിൽ പുതിയ കരാറുകൾ ഒപ്പുവെക്കാനും ഇരുരാജ്യങ്ങളും ഒരുങ്ങുകയാണ്.

സൗദിയിലെ തൊഴിലാളി ക്യാമ്പുകളും ടൂറിസം കേന്ദ്രങ്ങളും പ്രധാനമന്ത്രി സന്ദർശിക്കാനും സാധ്യതയുണ്ട്. ഇന്ത്യൻ സമൂഹത്തിലെ തിരഞ്ഞെടുത്ത പ്രതിനിധികൾ, വ്യവസായികൾ എന്നിവരുമായുള്ള ചർച്ചയും ജിദ്ദയിലെ ഹോട്ടലിൽ നടക്കും. നേരത്തെ നിശ്ചയിച്ച ഇന്ത്യൻ സമൂഹവുമായുള്ള കൂടിക്കാഴ്ച നടക്കുമോ എന്നതിൽ ഇതുവരെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News