ഈന്തപ്പഴ കയറ്റുമതിയിൽ സൗദിക്ക് റെക്കോർഡ് നേട്ടം; 2024ൽ 170 കോടി റിയാലിന്റെ കയറ്റുമതി

2023നെ അപേക്ഷിച്ച് 16 ശതമാനം വർധന; 133 രാജ്യങ്ങളിലേക്ക് കയറ്റുമതി

Update: 2025-04-17 07:18 GMT
Editor : Thameem CP | By : Web Desk
Advertising

റിയാദ്: സൗദി അറേബ്യയുടെ ഈന്തപ്പഴ കയറ്റുമതി 2024ൽ പുതിയ ഉയരങ്ങൾ കീഴടക്കി. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ പ്രകാരം, 170 കോടി റിയാലിന്റെ ഈന്തപ്പഴമാണ് സൗദി അറേബ്യ കയറ്റുമതി ചെയ്തത്. ഇത് 2023നെ അപേക്ഷിച്ച്16 ശതമാനം വർധനയാണ്. നാഷണൽ സെന്റർ ഫോർ ഡേറ്റ് പാം ആൻഡ് ഡേറ്റ്സ് (എൻസിപിഡി) പുറത്തുവിട്ട കണക്കുകൾ പ്രകാരം, 19 ലക്ഷം ടൺ ഈന്തപ്പഴമാണ് ഈ വർഷം വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്.

ലോക വിപണിയിൽ സൗദി ഈന്തപ്പഴത്തിന് വലിയ ഡിമാൻഡാണ്. 133 രാജ്യങ്ങളിലേക്കാണ് ഈന്തപ്പഴം കയറ്റുമതി ചെയ്തത്. 2023-നെ അപേക്ഷിച്ച് കയറ്റുമതി മൂല്യത്തിൽ 15.9 ശതമാനം വർധന രേഖപ്പെടുത്തി. സൗദിയുടെ വിവിധതരം ഈന്തപ്പഴങ്ങൾ ഈ നേട്ടത്തിന് കാരണമായി. അജ്വ, സുക്കാരി, മജ്ദൂൽ, ഖലാസ് തുടങ്ങിയ ഈന്തപ്പഴങ്ങൾ ഗുണനിലവാരത്തിനും രുചിക്കും പേര് കേട്ടവയാണ്. ഓരോ രാജ്യത്തിന്റെയും ആവശ്യത്തിനനുസരിച്ച് വ്യത്യസ്ത ഇനങ്ങൾ കയറ്റുമതി ചെയ്യുന്നത് സൗദിയെ വിപണിയിൽ മുന്നിൽ നിർത്തുന്നു.

വിഷൻ 2030 പദ്ധതിയുടെ ഭാഗമായി, എണ്ണ ഇതര വരുമാനം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ സൗദി ശക്തമാക്കിയിട്ടുണ്ട്. ഈന്തപ്പഴ കയറ്റുമതിയിൽ ഇത് വലിയ മാറ്റമുണ്ടാക്കി. 2016 മുതൽ 2024 വരെ കയറ്റുമതി മൂല്യം 192.5 ശതമാനം വർധിച്ചു. ഈന്തപ്പഴ കൃഷിയും വിപണനവും പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ നൽകുന്ന പിന്തുണയാണ് ഈ വിജയത്തിന് പിന്നിൽ.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News