മീഡിയവൺ സൂപ്പർകപ്പ് ഫുട്‌ബോൾ മത്സരങ്ങൾക്ക് സൗദിയിൽ തുടക്കമാകുന്നു
യാമ്പുവിൽ ഈ മാസം 22നും ജുബൈലിൽ 29നും തുടക്കം
റിയാദ്: ഈ വർഷത്തെ മീഡിയവൺ സൂപ്പർ കപ്പ് ഫുട്‌ബോൾ മത്സരങ്ങൾക്ക് സൗദിയിൽ തുടക്കമാകുന്നു. ആദ്യ ഘട്ടത്തിൽ യാമ്പുവിലും ജുബൈലിലുമാണ് മത്സരങ്ങൾ. ജിദ്ദയിലേക്കും ഇത്തവണ മീഡിയവൺ സൂപ്പർകപ്പ് എത്തും. ഈ മാസാവസാനത്തിലാണ് മത്സരങ്ങൾക്ക് തുടക്കമാവുക.
സൗദിയിൽ ജനകീയമായ ഫുട്‌ബോൾ മത്സരമാണ് മീഡിയവൺ സൂപ്പർകപ്പ്. അതിന്റെ പുതിയ സീസണിനാണ് സൗദിയിൽ തുടക്കം കുറിക്കുന്നത്. മെയ് 22,23 തിയതികളിൽ മദീന പ്രവിശ്യയിലെ യാമ്പുവിലാണ് സൂപ്പർകപ്പ്. ഇവിടെയുള്ള റദ് വ സ്റ്റേഡിയമാണ് വേദിയാവുക. പ്രവിശ്യയിലേയും മക്ക പ്രവിശ്യയിലേയും ക്ലബ്ബുകൾ മത്സരത്തിൽ ഏറ്റുമുട്ടും.
ഈ മാസം 29, 30 തിയതികളിലാണ് കിഴക്കൻ പ്രവിശ്യയുടെ മീഡിയവൺ സൂപ്പർ കപ്പ്. ജുബൈലിലെ ഫിഫ അരീനയാണ് വേദിയാകുന്ന സ്റ്റേഡിയം. രണ്ടിടങ്ങളിലും രജിസ്‌ട്രേഷൻ തുടരുകയാണ്. സൗദിയുടെ വിവിധ ഭാഗങ്ങളിൽ എത്തിയിട്ടുണ്ടെങ്കിലും, ഇത്തവണ ആദ്യമായി മീഡിയവൺ സൂപ്പർ കപ്പ് ജിദ്ദയിലുമെത്തും. മത്സരത്തിൽ നാട്ടിൽ നിന്നുൾപ്പെടെ താരങ്ങൾ വിവിധ ഇടങ്ങളിലായി ക്ലബ്ബുകൾക്കായി ബൂട്ടണിയാറുണ്ട്. ഇത്തവണയും മികച്ച ഫുട്‌ബോൾ സീസൺ പ്രവാസികൾക്ക് സമ്മാനിക്കാൻ ഒരുങ്ങുകയാണ് മീഡിയവൺ സൂപ്പർകപ്പ്.