Writer - razinabdulazeez
razinab@321
ജിദ്ദ: ടോസ്റ്റ്മാസ്റ്റേഴ്സ് ഇന്റർനാഷണൽ ജിദ്ദ മലയാളം ക്ലബ്ബിന്റെ വാർഷിക സമ്മേളനമായ 'അരങ്ങ്-2025' പ്രൗഢഗംഭീരമായി സമാപിച്ചു. ജിദ്ദയിൽ സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പ്രമുഖ വ്യക്തിത്വങ്ങളും ക്ലബ്ബ് അംഗങ്ങളും പങ്കെടുത്തു.
വാർഷികാഘോഷങ്ങളുടെ പ്രധാന ആകർഷണമായ മലയാളം ടോസ്റ്റ്മാസ്റ്റേഴ്സ് പ്രസംഗ മത്സരം വാക്ചാതുര്യത്തിന്റെയും ആശയങ്ങളുടെയും മനോഹരമായ ഒത്തുചേരലായി മാറി. അന്താരാഷ്ട്ര പ്രസംഗം, നർമ്മ പ്രസംഗം, വിലയിരുത്തൽ, നിമിഷപ്രഭാഷണം (ടേബിൾ ടോപ്പിക്കുകൾ) എന്നീ നാല് വിഭാഗങ്ങളിലായി നടന്ന മത്സരങ്ങൾ ഭാഷയുടെ സൗന്ദര്യവും പ്രസരിപ്പും സദസ്സിന് പകർന്നു നൽകി.
നർമ്മപ്രസംഗത്തിലും, മൂല്യനിർണയത്തിലും, നിമിഷപ്രഭാഷണത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ ടി.എം. സഹീർ അബ്ദുൾഖാദർ തൻ്റെ നർമ്മം കലർന്ന പ്രഭാഷണ ശൈലി കൊണ്ട് സദസ്സിനെ ചിരിയുടെ മാലപ്പൂക്കൾ അണിയിച്ചു. പിയോ ആന്റണി തന്റെ വാക്ചാതുര്യവും, വിഷയങ്ങളെ ആഴത്തിൽ വിലയിരുത്തുന്ന കഴിവും കൊണ്ട് വിധികർത്താക്കളെയും പ്രേക്ഷകരെയും ഒരുപോലെ വിസ്മയിപ്പിച്ചു. മൂല്യനിർണ്ണയത്തിലും അന്താരാഷ്ട്ര പ്രസംഗ മത്സരത്തിലും ഒന്നാം സ്ഥാനവും, ടേബിൾ ടോപ്പിക്കിൽ രണ്ടാം സ്ഥാനവും, നർമ്മ പ്രസംഗത്തിൽ മൂന്നാം സ്ഥാനവും അദ്ദേഹം നേടി.
ടേബിൾ ടോപ്പിക്കിൽ ഒന്നാം സ്ഥാനവും, അന്താരാഷ്ട്ര പ്രസംഗത്തിൽ രണ്ടാം സ്ഥാനവും നേടിയ സന്തോഷ് അബ്ദുൾകരീമിന്റെ സ്വാഭാവികവും ശക്തവുമായ ആശയ അവതരണ രീതി ശ്രോതാക്കളെ ആകർഷിച്ചു. റിസാന മണപ്പാട്ടിലിന്റെ ഉജ്ജ്വലമായ അവതരണം സദസ്സിൽ ചിരിയുടെ അലകൾ തീർത്തു, ഇത് നർമ്മ പ്രസംഗ മത്സരത്തിൽ രണ്ടാം സ്ഥാനം നേടാൻ അവരെ സഹായിച്ചു. മൂല്യനിർണ്ണയത്തിലും അന്താരാഷ്ട്ര പ്രസംഗ മത്സരത്തിലും മൂന്നാം സ്ഥാനം നേടിയ കെ.എം. ബഷീറിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു.
മത്സര നടപടികൾ മികച്ച രീതിയിൽ നിയന്ത്രിച്ച ചെയർമാൻ ടി.എം. വെഞ്ഞാറമൂട് പരിപാടിയുടെ തുടക്കം മുതൽ അവസാനം വരെ സദസ്സിന്റെ സജീവത നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു.
ബഷീർ അമ്പലവൻ ഡിടിഎം പരിപാടിയുടെ ഏകോപനം നിർവഹിച്ചു. റാഷിദലി ഡിടിഎം, അസൈൻ ഇല്ലിക്കൽ ഡിടിഎം, ഡോ. രാജു ഡിടിഎം, സജി കുര്യാക്കോസ് ഡിടിഎം എന്നിവരായിരുന്നു മുഖ്യ വിധികർത്താക്കൾ. ക്ലബ് പ്രസിഡന്റ് സഹീർ അബ്ദുൾ ഖാദറിന്റെയും കൃപ കുറങ്ങാട്ടിറ്റിന്റെയും നേതൃത്വത്തിലുള്ള ക്ലബ് എക്സിക്യൂട്ടീവ് അംഗങ്ങൾ പരിപാടിയുടെ സംഘാടനം മികച്ചതാക്കി.
മലയാള ഭാഷയുടെയും കേരളീയ സംസ്കാരത്തിന്റെയും തനിമ വിളിച്ചോതുന്ന സംഘഗാനങ്ങളും, പരമ്പരാഗത കലാപ്രകടനങ്ങളും പരിപാടിക്ക് കൂടുതൽ മിഴിവേകി. ഗൃഹാതുരത്വം ഉണർത്തുന്ന വിഭവസമൃദ്ധമായ സദ്യയും പരിപാടിയുടെ ഭാഗമായിരുന്നു. ക്ലബ് പ്രസിഡന്റ് സഹീർ അബ്ദുൾഖാദർ സദസ്സിന് നന്ദി പറഞ്ഞു