ദമ്മാമിൽ വൻ തീപിടിത്തം; മലയാളികളുടെ കടകൾ ഉൾപ്പെടെ കത്തിനശിച്ചു

ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് പ്രാഥമിക നിഗമനം

Update: 2025-11-23 14:25 GMT
Editor : Thameem CP | By : Web Desk

ദമ്മാം: ദമ്മാം വാട്ടർ ടാങ്ക് റോഡിൽ ബിൽഡിങ് മെറ്റീരിയൽസ് കടയുടെ ഗോഡൗണിലുണ്ടായ തീപിടിത്തത്തെ തുടർന്ന് നിരവധി കടകൾ കത്തിനശിച്ചു. മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളുടെ സ്ഥാപനങ്ങളാണ് അഗ്‌നിക്കിരയായത്. ഇന്നലെ ഉച്ചയോട് കൂടിയാണ് തീ പടർന്നു തുടങ്ങിയത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്ലംബ്ലിങ് ഹാർഡ് വെയർ കടകൾ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് തീ പടർന്നത്. അൽഗ സ്വാൻ സ്ട്രീറ്റിലാണ് അപകടം. പ്ലാസ്റ്റിക്കും കെമിക്കലും പെയിന്റുകളുമുള്ള ഗോഡൗണിൽനിന്ന് അതിവേഗം തീ പടരുകയായിരുന്നു.

അഗ്‌നിശമന സേന കുതിച്ചെത്തിയെങ്കിലും തുടക്കത്തിൽ തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞില്ല. സിവിൽ ഡിഫൻസ് കിഴക്കൻ പ്രവിശ്യ മേധാവി ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി തീ അണക്കുന്നതിനുള്ള ശ്രമങ്ങൾ തുടർന്നു. ഈ പ്രദേശങ്ങളിൽ ഗോഡൗണുകൾക്ക് അനുമതിയുള്ള സ്ഥലമല്ല. എന്നാൽ പലരും കടയോട് ചേർന്നുള്ള പഴയ കെട്ടിടങ്ങൾ ഗോഡൗൺ ആയി ഉപയോഗപ്പെടുത്തുകയാണ് പതിവ്. കെട്ടിടത്തിൽ മുകളിൽ താമസ സ്ഥലമാണ്. എന്നാൽ അളാപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പരിസരത്തെ കെട്ടിടങ്ങളിൽ നിന്നുൾപ്പെടെ എല്ലാവരെയും ഒഴിപ്പിച്ചിട്ടുണ്ട്.

18ഓളം അഗ്‌നിശമന യൂനിറ്റുകൾ രാത്രി വൈകിയും പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. കത്തിയമർന്ന കെട്ടിടത്തിൽ അഞ്ച് കടകളുണ്ടായിരുന്നു. ഇതിൽ ഒരു കട മലയാളിയുടേതാണ്. മറ്റൊരു മലയാളിയുടെ ഗോഡൗണും ഇതിലുണ്ട്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News