Writer - razinabdulazeez
razinab@321
ജിദ്ദ; ഹജ്ജിന് മുന്നോടിയായി മക്കയിലേക്ക് പ്രവേശിക്കാൻ പെർമിറ്റുകൾ അനുവദിക്കാൻ ആരംഭിച്ചു. ഈ മാസം 23 മുതൽ പെർമിറ്റ് ഉള്ളവർക്ക് മാത്രമേ മക്കയിലേക്ക് പ്രവേശനം അനുവദിക്കൂ. അബ്ഷിർ, മുഖീം പ്ലാറ്റ്‌ഫോം വഴിയാണ് പെർമിറ്റുകൾ അനുവദിക്കുന്നത്. പെർമിറ്റിനുള്ള അപേക്ഷകൾ സ്വീകരിക്കാൻ ആരംഭിച്ചതായി പാസ്പോർട്ട് വിഭാഗം അറിയിച്ചു. ഏപ്രിൽ 23 മുതൽ ജൂൺ 10 വരെ പെർമിറ്റില്ലാതെ മക്കയിലേക്ക് പ്രവേശിക്കാനാകില്ല. മക്കയിൽ ജോലി ചെയ്യുന്നവർക്ക് വേണ്ടിയാണ് പെർമിറ്റുകൾ അനുവദിക്കുന്നത്.
ഹജ്ജ് പെർമിറ്റ്, മക്കയിൽ ഇഷ്യൂ ചെയ്ത ഇഖാമ എന്നിവ ഉള്ളവർക്ക് പെർമിറ്റ് ആവശ്യമില്ല. എന്നാൽ മക്കയിലേക്ക് ജോലിക്കായി പോകുന്നവർ പെർമിറ്റ് നേടിയിരിക്കണം. ഇവർക്ക് മുഖീം പ്ലാറ്റ്‌ഫോം വഴിയാണ് പെർമിറ്റുകൾ അനുവദിക്കുക. ഇതിനായി മക്കയിലെ സ്ഥാപനങ്ങളുടെ ലൈസൻസോ കരാറോ പ്ലാറ്റ്‌ഫോമുകളിൽ അപ്‌ലോഡ് ചെയ്യണം. മക്കയിലെ ഗാർഹിക തൊഴിലാളികൾ, ആശ്രിത വിസയിലുള്ളവർ, പ്രീമിയം ഇഖാമക്കാർ, നിക്ഷേപകർ, ഗൾഫ് പൗരന്മാർ എന്നിവർക്കെല്ലാം പെർമിറ്റ് വേണം. ഇതിനായി ആവശ്യമായ രേഖകൾ സമർപ്പിച്ച് അബ്ഷിർ ഇൻഡിവിജ്വൽ ഓപ്ഷൻ ഉപയോഗിച്ച് പെർമിറ്റ് നേടാം. ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആയ തസ്രീഹുമായി ലിങ്ക് ചെയ്താണ് പെർമിറ്റുകൾ നൽകുക. ഇവ തവക്കൽനയിലും ലഭ്യമാകും. ഏപ്രിൽ 23 മുതലാണ് മക്കയിലേക്കുള്ള പ്രവേശന നിയന്ത്രണം. ഇതിനു മുമ്പ് പെർമിറ്റുകൾ നേടണമെന്നും പാസ്പോർട്ട് വിഭാഗം അറിയിച്ചു.