Writer - razinabdulazeez
razinab@321
റിയാദ്: സൗദിയിൽ ഡെലിവറി ഡ്രൈവർമാർക്കായുള്ള ആദ്യത്തെ വിശ്രമ കേന്ദ്രം തുറന്നു. കിഴക്കൻ പ്രവിശ്യയിലെ ഖോബാറിലാണ് കേന്ദ്രം ഒരുങ്ങിയത്. രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി നൂറിലധികം ഇത്തരം വിശ്രമ കേന്ദ്രങ്ങൾ വരും കാലങ്ങളിൽ സ്ഥാപിക്കും.
ഡെലിവറി ഡ്രൈവർമാർക്കായുള്ള വിശ്രമ കേന്ദ്രമാണ് കോബാറിൽ ഒരുക്കിയത്. ആപ്പ് ഡെലിവറി ഡ്രൈവർമാരെ സഹായിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സൗകര്യം. അലക്ഷ്യമായ കാത്തു നിൽപ്പ്, അനധികൃത പാർക്കിംഗ്, കാലാവസ്ഥ പ്രയാസങ്ങൾ എന്നീ പ്രശ്നങ്ങൾ ഇല്ലാതെയാക്കുന്നതിന്റെ ഭാഗമായാണ് നടപടി. സൗദിയിലെ ഇത്തരത്തിലുള്ള ആദ്യത്തെ കേന്ദ്രമാണ് ദമ്മാമിൽ ഒരുങ്ങിയത്. അതാത് മുനിസിപ്പാലിറ്റികളുടെ നേതൃത്വത്തിലായിരിക്കും കേന്ദ്രങ്ങൾ സ്ഥാപിക്കുക. എയർ കണ്ടീഷനിംഗ്, ഇരിക്കുവാനുള്ള സൗകര്യം, പ്രകാശ സംവിധാനം, റസ്റ്റോറന്റുകളും മറ്റു സ്ഥാപനങ്ങളും നേരിട്ട് ബന്ധിപ്പിക്കുന്ന സാങ്കേതിക സംവിധാനങ്ങൾ, ആകർഷകമായ രൂപകൽപ്പന തുടങ്ങിയവ ഉൾപ്പെട്ടതാണ് വിശ്രമ കേന്ദ്രം. ഷോപ്പിങ് മാളുകളേയും മറ്റു പ്രധാന കേന്ദ്രങ്ങളേയും ബന്ധപ്പെടുത്തിയായിരിക്കും കേന്ദ്രങ്ങൾ നിർമിക്കുക. രാജ്യത്ത് ഡെലിവറി പ്രവർത്തനങ്ങളും ജീവനക്കാരും വർധിച്ചതോടെയാണ് പുതിയ തീരുമാനം, 2023ലെ കണക്ക് പ്രകാരം 45.3% വളർച്ചയോടെ ഏറ്റവുമധികം ഡെലിവറി നടന്നത് റിയാദിലാണ്. മക്ക, കിഴക്കൻ പ്രവിശ്യ, മദീന എന്നീ പ്രദേശങ്ങളാണ് തൊട്ട് പിറകിൽ.