ഒമാനൊഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ ചെറിയ പെരുന്നാൾ
ഒമാനിൽ തിങ്കളാഴ്ചയാണ് പെരുന്നാൾ
റിയാദ്: ഒമാനൊഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ പെരുന്നാൾ. സൗദിയിൽ ശവ്വാൽ മാസപ്പിറവി ദൃശ്യമായതോടെയാണ് റമദാൻ 29 പൂർത്തിയാക്കി വിശ്വാസികൾ നാളെ പെരുന്നാൾ ആഘോഷിക്കുന്നത്. എന്നാൽ ശവ്വാൽപ്പിറ കാണാത്തതിനാൽ ഒമാനിൽ തിങ്കളാഴ്ചയാണ് പെരുന്നാൾ.
മക്ക-മദീന ഹറമുകളിൽ പെരുന്നാൾ നമസ്‌കാരത്തിനുള്ള ഒരുക്കം പൂർത്തിയാക്കിയിട്ടുണ്ട്. പുലർച്ചെ 6.30നാണ് മക്ക ഹറമിലെ പെരുന്നാൾ നമസ്‌കാരം. ഇരുഹറം കാര്യ വിഭാഗം മേധാവി ഡോ. അബ്ദുറഹ്‌മാൻ സുദൈസ് നമസ്‌കാരത്തിനും പ്രാർഥനക്കും നേതൃത്വം നൽകും. തിരക്ക് പരിഗണിച്ച് പ്രത്യേക സുരക്ഷാക്രമീകരണങ്ങൾ ഹറമുകളിൽ ഒരുക്കിയിട്ടുണ്ട്. ഹറമുകളിലേക്കുള്ള റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. സൂര്യോദയത്തിനുശേഷം 15 മിനിറ്റ് കഴിഞ്ഞാണ് സൗദിയിൽ പെരുന്നാൾ നമസ്‌കാരങ്ങൾക്ക് തുടക്കമാവുക. രാജ്യത്തെ 15948 പള്ളികളിലും, 3939 ഈദ് ഗാഹകളിലും ഇത്തവണ പെരുന്നാൾ നമസ്‌കാരങ്ങൾ നടക്കും.
അതേസമയം, ശവ്വാൽപ്പിറ കാണാത്തതിനാൽ ഒമാനിൽ തിങ്കളാഴ്ചയായിരിക്കും ചെറിയ പെരുന്നാൾ എന്ന് ഔഖാഫ് മതകാര്യമന്ത്രാലയം അറിയിച്ചു. റമദാൻ 30ഉം പൂർത്തീകരിച്ചാണ് ചെറിയപെരുന്നാളിനെ വരവേൽക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ മസ്ജിദുകളിലും ഈദ് ഗാഹുകളിലുമായി പെരുന്നാൾ നമസ്‌കാരത്തിന് വിപുല സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വിവിധ മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈദുഗാഹുകൾക്ക് നാട്ടിൽനിന്നെത്തിയ പണ്ഡിതൻമാരാണ് പലയിടത്തും നേതൃത്വം നൽകുന്നത്. പെരുന്നാൾ നമസ്‌കാരത്തിന് ശേഷം ആശംസകൾ കൈമാറിയും സ്‌നേഹ ബന്ധങ്ങൾ ഊട്ടിയുറപ്പിച്ചുമായിരിക്കും വിശ്വാസികൾ വീടുകളിലേക്ക് മടങ്ങുക. മാസപ്പിറവി നിരീക്ഷിക്കുന്നതിന് വിപുലമായ സൗകര്യമായിരുന്നു രാജ്യത്ത് ഒരുക്കിയിരുന്നത്.
അതേസമയം, ഖത്തറിൽ സ്വകാര്യമേഖലയിൽ മൂന്ന് ദിവസത്തെ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. തൊഴിൽ മന്ത്രാലയമാണ് രാജ്യത്തെ തൊഴിൽ നിയമം അനുസരിച്ചുള്ള അവധി പ്രഖ്യാപിച്ചത്. വേതനത്തോടെയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അവധി ദിനങ്ങളിൽ ജോലി ചെയ്യേണ്ടി വരുന്നവർക്ക് തൊഴിൽ നിയമം അനുസരിച്ചുള്ള ആനുകൂല്യങ്ങൾ നൽകണം.