സൗദിയിൽ വിദേശികൾക്ക് ഭൂമി വാങ്ങാം; മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ച് നിക്ഷേപ മന്ത്രാലയം
മക്ക, മദീന അതിർത്തിക്ക് പുറത്ത് നിക്ഷേപം നടത്താം
സൗദിയിൽ വിദേശികൾ ഭൂമി സ്വന്തമാക്കുന്നതിനും റിയൽ എസ്റ്റേറ്റ് ബിസിനസിൽ ഇടപെടുന്നതിനും മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ച് നിക്ഷേപ മന്ത്രാലയം. നിക്ഷേപകരായെത്തുന്നവർക്ക് ബിസിനസ് ആവശ്യത്തിനു വേണ്ടി ഭൂമി ഉപയോഗിക്കാനാണ് അനുമതി. മക്ക, മദീന പുണ്യനഗിരികളുടെ അതിർത്തിക്ക് പുറത്ത് എവിടെയും റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ വിദേശികൾക്ക് നിക്ഷേപം നടത്താം. റിയൽ എസ്റ്റേറ്റിന്റെ ലക്ഷ്യം ഊഹക്കച്ചവടം ആവാൻ പാടില്ല. അതായത് വിലയിലെ ഏറ്റക്കുറച്ചലുകളിൽ നിന്ന് ലാഭം പ്രതീക്ഷിച്ച് റിയൽ എസ്റ്റേറ്റ് പോലുള്ള ആസ്തികൾ വാങ്ങുകയും വിൽക്കുകയും ചെയ്യാൻ പാടില്ല.
വ്യക്തിഗത വസതികൾ, വ്യാവസായിക ആസ്ഥാനം, ജീവനക്കാർക്കുള്ള താമസസൗകര്യങ്ങൾ, വെയർഹൗസുകൾ തുടങ്ങിയവക്കായി ഭൂമി വാങ്ങി ഉപയോഗിക്കാം. ഇതിന് മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി വേണം. റിയൽ എസ്റ്റേറ്റ് പ്രോജക്ട് നടപ്പിലാക്കാനോ വിൽക്കാനോ ആഗ്രഹിക്കുന്നുവെങ്കിൽ, സൗദി കൗൺസിൽ ഓഫ് എൻജിനീയർസിന്റെ അംഗീകാരമുള്ള എൻജിനീയറിങ് ഓഫീസിൽ നിന്ന് പദ്ധതിയുടെ ആകെ ചിലവ് വിശദീകരിക്കുന്ന റിപ്പോർട്ട് സമർപ്പിക്കണം. ഭൂമിക്കും നിർമ്മാണത്തിനുമായി പദ്ധതി ചെലവ് മൂന്ന് കോടി റിയാൽ കുറയാത്തതായിരിക്കണം എന്നതും നിർദേശങ്ങളിൽപെടും. മുനിസിപ്പാലിറ്റിയിൽ നിന്നുള്ള അംഗീകാരകത്ത്, ആധാരത്തിന്റെ പകർപ്പ് എന്നിവയും സമർപ്പിക്കേണ്ടിവരും. വിദേശ നിക്ഷേപകർക്ക് റിയൽ എസ്റ്റേറ്റിൽ കൂടുതൽ അവസരം ഒരുക്കുകയാണ് നിക്ഷേപ മന്ത്രാലയം.