അണ്ടർ 17 ലോകകപ്പ്; ക്വാർട്ടർ ലൈനപ്പായി
വെള്ളിയാഴ്ചയാണ് പോരാട്ടങ്ങൾ
ദോഹ:ഖത്തർ വേദിയാകുന്ന ഫിഫ അണ്ടർ 17 ലോകകപ്പിന്റെ ക്വാർട്ടർ ഫൈനൽ ലൈനപ്പായി. ആദ്യ മത്സരത്തിൽ ആസ്ട്രിയ ജപ്പാനെ നേരിടും. വെള്ളിയാഴ്ചയാണ് പോരാട്ടങ്ങൾ. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട പോരാട്ടത്തിൽ ഉത്തര കൊറിയയെ തോൽപ്പിച്ചാണ് ജപ്പാൻ ക്വാർട്ടറിലേക്ക് ടിക്കറ്റെടുത്തത്. ക്വാർട്ടർ പ്രവേശനം ആസ്പയർ സോണിലെ പിച്ച് ഫോറിൽ തടിച്ചുകൂടിയ ആരാധകർക്കും അവിസ്മരണീയ വിരുന്നായി. കരുത്തരായ ഇംഗ്ലണ്ടിനെ എതിരില്ലാത്ത നാലു ഗോളിന് തറ പറ്റിച്ചാണ് എതിരാളികളായ ആസ്ട്രിയയെത്തുന്നത്.
അട്ടിമറി വീരന്മാരായ ബുർക്കിന ഫാസോയും ഇറ്റലിയും തമ്മിലാണ് രണ്ടാം ക്വാർട്ടർ പോരാട്ടം. ഉസ്‌ബെക്കിസ്ഥാനെ കീഴക്കിയാണ് ഇറ്റലി എത്തുന്നതെങ്കിൽ യുഗാണ്ടയെ തോൽപ്പിച്ചാണ് ബുർക്കിനോ ഫാസോ കളത്തിലിറങ്ങുന്നത്. പ്രീക്വാർട്ടറിൽ എതിരില്ലാത്ത അഞ്ചു ഗോളിന് മെക്‌സിക്കോയെ തകർത്ത പോർച്ചുഗൽ സ്വിറ്റ്‌സർലാൻഡിനെ നേരിടും. അയർലാൻഡിനെ വീഴ്ത്തിയാണ് സ്വിസ് പടയുടെ വരവ്.
ക്വാർട്ടറിലെ ഹൈ പ്രൊഫൈൽ പോരാട്ടം ബ്രസീലും മൊറോക്കോയും തമ്മിലാണ്. ഇഞ്ചോടിഞ്ച് പോരിൽ മാലിയെ തോല്പിച്ചാണ് മൊറോക്കോ ക്വാർട്ടർ ഉറപ്പിച്ചത്. ഫ്രാൻസിനെതിരെ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് ബ്രസീൽ ക്വാർട്ടറിലേക്ക് മാർച്ച് ചെയ്തത്.