അണ്ടർ17 ലോകകപ്പ്; പ്രീക്വാർട്ടർ പോരാട്ടങ്ങൾക്ക് നാളെ തുടക്കം
ആദ്യ കളി യൂറോപ്യൻ കരുത്തരായ ഇറ്റലിയും ഏഷ്യൻ ടീമായ ഉസ്ബക്കിസ്ഥാനും തമ്മിൽ
ദോഹ: ഫിഫ അണ്ടർ സെവന്റീൻ ലോകകപ്പിന്റെ പ്രീക്വാർട്ടർ പോരാട്ടങ്ങൾക്ക് നാളെ തുടക്കമാകും. ദോഹയിലെ ആസ്പയർ സോണിലാണ് മത്സരങ്ങൾ. ആദ്യ കളി യൂറോപ്യൻ കരുത്തരായ ഇറ്റലിയും ഏഷ്യൻ ടീമായ ഉസ്ബക്കിസ്ഥാനും തമ്മിലാണ്.
കരുത്തരുടെ വീഴ്ചയ്ക്കും കുഞ്ഞന്മാരുടെ അട്ടിമറിക്കും സാക്ഷിയായ നോക്കൗട്ട് പോരാട്ടങ്ങൾക്ക് ശേഷമാണ് കൗമാര ലോകകപ്പ് പ്രീ ക്വാർട്ടറിലേക്ക് പ്രവേശിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ജർമനി, ആരാധകരുടെ ഇഷ്ട ടീമായ അർജന്റീന എന്നിവയാണ് നോക്കൗട്ടിൽ ഇടറി വീണ കരുത്തർ. പെനാൽറ്റി ഷൂട്ടൗട്ടിൽ മെക്സിക്കോയാണ് അർജന്റീന സംഘത്തെ കീഴടക്കിയത്. ആഫ്രിക്കൻ സംഘമായ ബുർക്കിന ഫാസോയാണ് ജർമനിക്ക് മടക്ക ടിക്കറ്റ് സമ്മാനിച്ചത്.
ബുർക്കിന ഫാസോ പ്രീ ക്വാർട്ടറിൽ യുഗാണ്ടയെ നേരിടും. പ്രാഥമിക റൗണ്ടിൽ കരുത്തരായ ഫ്രാൻസിനെ തോല്പിച്ച ആത്മവിശ്വാസവുമായാണ് യുഗാണ്ട ഇറങ്ങുന്നത്. അർജന്റീനയെ വീഴ്ത്തിയെത്തുന്ന മെക്സിക്കോക്ക് നേരിടാനുള്ളത് ശക്തരായ പോർച്ചുഗലിനെയാണ്. ടൂർണമെന്റ് ഫേവറിറ്റുകളായ ബ്രസീലും ഫ്രാൻസും തമ്മിലുള്ള മത്സരമാണ് പ്രീക്വാർട്ടറിലെ ഹൈ ടെൻഷൻ പോരാട്ടം.
മറ്റു മത്സരങ്ങളിൽ സ്വിറ്റ്സർലാൻഡ് അയർലാൻഡിനെയും ഉത്തര കൊറിയ ജപ്പാനെയും ആസ്ട്രിയ ഇംഗ്ലണ്ടിനെയും നേരിടും. മൊറോക്കോ-മാലി പോരാട്ടമാണ് പ്രീക്വാർട്ടറിലെ അവസാന മത്സരം.