ഖത്തറിൽ പൈലറ്റില്ലാ എയർ ടാക്സിയുടെ പരീക്ഷണപ്പറക്കൽ വിജയകരം

രാജ്യത്തിന്റെ സ്മാർട് മൊബിലിറ്റി മേഖലയിൽ വിപ്ലവകരമായ ചുവടാകും എയർ ടാക്സി എന്നാണ് കരുതപ്പെടുന്നത്

Update: 2025-11-16 17:44 GMT
Editor : razinabdulazeez | By : Web Desk

ദോഹ: ഭാവി യാത്രാ വാഹന മേഖലയിൽ വൻ കുതിപ്പുമായി ഖത്തർ. പൈലറ്റ് രഹിത പറക്കും ടാക്സിയുടെ പരീക്ഷണപ്പറക്കൽ ദോഹയിൽ വിജയകരമായി നടന്നു. പറക്കലിന് ഗതാഗത മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽഥാനി സാക്ഷിയായി.

ഗതാഗത മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ആളില്ലാ എയർ ടാക്സിയുടെ ആദ്യഘട്ട പരീക്ഷണം നടത്തിയത്. ആർടിഫിഷ്യൽ ഇന്റലിജൻസ് വഴി നിയന്ത്രിച്ച എയർ ടാക്സി E VTOL ന്റെ പരീക്ഷണപ്പറക്കലാണ് വിജയകരമായി പൂർത്തിയായത്. ഓൾഡ് ദോഹ തുറമുഖത്തിനും കതാറ കൾച്ചറൽ വില്ലേജിനും ഇടയിലായിരുന്നു പരീക്ഷണയോട്ടം. സ്മാർട്ട്, സുസ്ഥിര മൊബിലിറ്റി സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതിൽ പുതിയ നാഴികക്കല്ലാണ് എയർടാക്സി യാത്രയെന്ന് മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽഥാനി പറഞ്ഞു.

Advertising
Advertising

വ്യാവസായികാടിസ്ഥാനത്തിൽ എയർ ടാക്സികളുടെ ഓട്ടം ആരംഭിക്കാൻ കടമ്പകളേറെയുണ്ട്. വെർടിപോർട്ട് അടക്കമുള്ള അടിസ്ഥാന സൗകര്യ വികസനങ്ങൾ, ഓപറേഷൻ സംവിധാനങ്ങളുടെ അംഗീകാരം, അന്താരാഷ്ട്ര ഗുണനിലവാരം പാലിക്കൽ, സാങ്കേതിക-പ്രവർത്തനങ്ങൾ, സുരക്ഷാ നടപടിക്രമങ്ങൾ എന്നിവയെല്ലാം ഇതിനായി പൂർത്തിയാകേണ്ടതുണ്ട്. ഓരോ ഘട്ടത്തിലെയും ഫലങ്ങൾ വിലയിരുത്തിയ ശേഷമാകും എയർ ടാക്സിക്ക് അന്തിമ അനുമതി നൽകുക.

രാജ്യത്തിന്റെ സ്മാർട് മൊബിലിറ്റി മേഖലയിൽ വിപ്ലവകരമായ ചുവടാകും എയർ ടാക്സി എന്നാണ് കരുതപ്പെടുന്നത്. ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനൊപ്പം സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ മേഖലയിലേക്ക് പൊതുഗതാഗത സംവിധാനം വികസിപ്പിക്കാൻ ഇവ കൊണ്ടാകും. 

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News