ഖത്തറിൽ ഇന്ത്യക്കാരുടെ സേവനം മഹത്തരം- കേന്ദ്രമന്ത്രി മൻസൂഖ് മാണ്ഡവ്യ
ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഏറെ ശക്തിപ്പെട്ടെന്നും അദ്ദേഹം
ദോഹ: ഖത്തറിന്റെ പുരോഗതിയിൽ ഇന്ത്യക്കാർ വഹിക്കുന്ന പങ്ക് മഹത്തരമാണെന്ന് കേന്ദ്രമന്ത്രി മൻസൂഖ് മാണ്ഡവ്യ. ദോഹയിൽ പ്രവാസി സമൂഹം സംഘടിപ്പിച്ച സ്വീകരണത്തിൽ സംസാരിക്കുകായിരുന്നു മന്ത്രി. ഇന്ത്യൻ അംബാസഡർ വിപുൽ അടക്കമുള്ളവർ പരിപാടിയിൽ സന്നിഹിതരായിരുന്നു. യുഎൻ ആഗോള സാമൂഹിക വികസന ഉച്ചകോടിയിൽ പങ്കെടുക്കാനായാണ് കേന്ദ്ര തൊഴിൽ-കായിക മന്ത്രി മൻസൂഖ് മാണ്ഡവ്യ ഖത്തറിലെത്തിയത്. ഉച്ചകോടിയിൽ പങ്കെടുക്കവേ ഖത്തർ മന്ത്രിയുമായി സംസാരിച്ച കാര്യങ്ങളാണ് അദ്ദേഹം സ്വീകരണത്തിൽ പങ്കുവെച്ചത്.
ഇന്ത്യക്കാർ തദ്ദേശി സമൂഹവമായി ഏറെ ഇണങ്ങിക്കഴിഞ്ഞെന്നാണ് ഖത്തർ മന്ത്രി തന്നോട് പറഞ്ഞത്. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഏറെ ശക്തിപ്പെട്ടെന്നും മാണ്ഡവ്യ കൂട്ടിച്ചേർത്തു. വക്ര ഡിപിഎസ് ഇന്ത്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിലായിരുന്നു സ്വീകരണ പരിപാടി. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം വിളിച്ചോതിയ കലാപരിപാടികൾ അരങ്ങേറി. എംബസി ഉദ്യോഗസ്ഥരും എംബസി അപെക്സ് ബോഡി ഭാരവാഹികളും പങ്കെടുത്തു.