ഒമാനിലെ ആദ്യ ഒട്ടക ചീസ് ഉൽപാദന കേന്ദ്രം ഒരുങ്ങുന്നു

ദോഫാർ ഗവർണറേറ്റിലെ റഖയൂത്തിൽ അടുത്ത വർഷം കേന്ദ്രം തുറക്കും

Update: 2025-05-09 16:26 GMT
Advertising

മസ്‌കത്ത്:ഒമാനിൽ ആദ്യ ഒട്ടക ചീസ് ഉൽപാദന കേന്ദ്രം ഒരുങ്ങുന്നു. ദോഫാർ ഗവർണറേറ്റിലെ റഖയൂത്തിൽ അടുത്ത വർഷം ആദ്യ പാദത്തിൽ കേന്ദ്രം തുറക്കും. ഒട്ടകപ്പാൽ മേഖല വികസിപ്പിക്കുന്നതിനും ഗ്രാമീണ ഉപജീവനമാർഗ്ഗത്തെ പിന്തുണക്കുന്നതിന്റെ ഭാഗമാണ് കേന്ദ്രം. തുടക്കത്തിൽ പ്രതിദിനം 500 ലിറ്റർ മുതൽ രണ്ട് ടൺ വരെ ഒട്ടകപ്പാൽ സംസ്‌കരിക്കും.

കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം പദ്ധതിയുടെ കരാറിൽ ഒപ്പുവെച്ചു. അടുത്ത വർഷം ആദ്യ പാദത്തിൽ പ്ലാന്റ് പ്രവർത്തനം ആരംഭിക്കാനാണ് നീക്കം. തുടക്കത്തിൽ പ്രതിദിനം 500 ലിറ്റർ മുതൽ രണ്ട് ടൺ വരെ ഒട്ടകപ്പാൽ സംസ്‌കരിക്കും. ആദ്യ വർഷാവസാനത്തോടെ ഉത്പാദനം അഞ്ച് ടണ്ണായും പിന്നീടുള്ള ഘട്ടങ്ങളിൽ 15 ടണ്ണിൽ കൂടുതലായും ഉയരും.

വിവിധ രുചികളിലുള്ള ഫ്രഷ്, സെമി-ഹാർഡ് ചീസുകൾ ഉൽപ്പാദിപ്പിക്കും, ഭാവിയിൽ ഹാർഡ് ചീസ്, കണ്ടൻസ്ഡ് മിൽക്ക്, മിൽക്ക് മിഠായി, ഐസ്‌ക്രീം എന്നിവ ഉത്പാദിപ്പിക്കാനുള്ള പദ്ധതികളും ഉണ്ടാകും. ഒരു കിലോഗ്രാം ഒട്ടക ചീസ് ഉത്പാദിപ്പിക്കാൻ എട്ട് മുതൽ പന്ത്രണ്ട് ലിറ്റർ വരെ പാൽ ആവശ്യമാണ്. റഖ്‌യൂത്തലെ ഒമാനി വനിതാ അസോസിയേഷനിൽ നിന്നുള്ള 20 ഗ്രാമീണ സ്ത്രീകളെ ഈ പദ്ധതിയിൽ നേരിട്ട് ഉൾപ്പെടുത്തും. പദ്ധതി ഒമാനിലെ ഭക്ഷ്യമേഖലയിലെ മനുഷ്യ മൂലധനത്തിലും അടിസ്ഥാന സൗകര്യങ്ങളിലും തന്ത്രപരമായ നിക്ഷേപത്തെ പ്രതിനിധീകരിക്കുന്നതാണെന്ന് എഫ്.എ.ഒയുടെ ആക്ടിങ് പ്രതിനിധി ഡോ. തേർ യാസീൻ പറഞ്ഞു. ദോഫാറിലെ ഒരു പ്രാദേശിക കമ്പനിയാണ് ഈ സൗകര്യം നിർമിക്കുന്നതെന്നും ഗുണനിലവാരത്തിന്റെയും ഭക്ഷ്യസുരക്ഷയുടെയും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News