അൽ മദ്രസതുൽ ഇസ്‌ലാമിയ സലാലയിൽ അവാർഡ് ദാനവും പ്രഭാഷണവും
ഹിക്മ ടാലന്റ് സേർച്ച് പരീക്ഷയിലെ ടോപ്പേഴ്‌സ് ലിസ്റ്റിൽ സലാലയിൽ നിന്ന് ഇടംപിടിച്ച വിദ്യാർഥികൾക്ക് അവാർഡുകൾ കൈമാറി
സലാല: അൽ മദ്രസതുൽ ഇസ്‌ലാമിയ സലാലയിൽ അവാർഡ് ദാനവും പ്രഭാഷണവും. കേരള മദ്രസ എഡ്യുക്കേഷൻ ബോർഡ് സംസ്ഥാന തലത്തിൽ നടത്തിയ ഹിക്മ ടാലന്റ് സേർച്ച് പരീക്ഷയിലെ ടോപ്പേഴ്‌സ് ലിസ്റ്റിൽ സലാലയിൽ നിന്ന് ഇടംപിടിച്ച വിദ്യാർഥികൾക്ക് അവാർഡുകൾ കൈമാറി. ചടങ്ങിൽ കെ.എം.ഇ.എ ഡയറക്ടർ സി.എച്ച് അനീസുദ്ദീൻ മുഖ്യാതിഥിയായി. മെഹ്‌റിൻ റസ്‌റിൻ, മുഹമ്മദ് ഫൈസാൻ, അയാൻ അഹ്‌മദ് നിസാം, മുഹമ്മദ് ബിൻ യൂസുഫ്, ഫാത്തിമ നാസർ, മുഹമ്മദ് അമാൻ എന്നീ വിദ്യാർഥികളാണ് അവാർഡ് ഏറ്റുവാങ്ങിയത്.
'ഇസ്‌ലാമിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം' എന്ന തലക്കെട്ടിൽ സി.എച്ച് അനീസുദ്ദീൻ, എജ്യു ട്രൈനർ കെ ഷാക്കിർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഐഡിയൽ എഡ്യുക്കേഷൻ സെന്റർ ചെയർമാൻ കെ. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഷമീർ വി.എസ് സ്വാഗതവും കൺവീനർ മുഹമ്മദ് സാദിഖ് നന്ദിയും പറഞ്ഞു.
സെക്രട്ടറി കെ.ജെ. സമീർ സ്റ്റാഫ് സെക്രട്ടറി ആയിഷ അൻസാർ, ഇഖ്ബാൽ ഉസ്താദ് എന്നിവർ നേതൃത്വം നൽകി. രക്ഷിതാക്കൾ ഉൾപ്പടെ നിരവധി പേർ സംബന്ധിച്ചു.