ഒമാനിലെ ബർകയിലും സിനാവിലും പുതിയ ഇന്ത്യൻ സ്‌കൂളുകൾ
സാധ്യതാ പഠനം ആരംഭിച്ചതായി ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ
മസ്‌കത്ത്:ഒമാനിലെ ബർകയിലും സിനാവിലും പുതിയ സ്‌കൂളുകൾ സ്ഥാപിക്കാനായി ഇന്ത്യൻ സ്‌കൂൾ ബോർഡ് ആലോചിക്കുന്നു. ഇന്ത്യൻ പ്രവാസി സമൂഹത്തിൽ നിന്ന് വർധിച്ചുവരുന്ന ആവശ്യം പരിഗണിച്ചാണ് നീക്കം. സാധ്യതാ പഠനം ആരംഭിച്ചതായി ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ സയ്യിദ് അഹമ്മദ് സൽമാൻ പറഞ്ഞു. ഒമാനിലെ ഇന്ത്യൻ സ്‌കൂൾ സംവിധാനത്തെ ആഗോള വിദ്യാഭ്യാസ നിലവാരവുമായി സമന്വയിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബോർഡ് പ്രവർത്തിച്ചകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാവി വെല്ലുവിളികൾക്കായി വിദ്യാർഥികളെയും അധ്യാപകരെയും മികച്ച രീതിയിൽ സജ്ജമാക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങളിൽ ഗണ്യമായ നിക്ഷേപവും ഈ സംരംഭങ്ങളിൽ ഉൾപ്പെടുന്നു. ഒമാനിലെ എല്ലാ ഇന്ത്യൻ സ്‌കൂളുകളിലും ഗുണനിലവാരമുള്ള സൗകര്യങ്ങൾ തുല്യമായി ലഭ്യമാക്കുന്നതിനായി സൗകര്യ ഓഡിറ്റ് നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ സ്‌കൂൾ മസ്‌കത്ത് ജിബ്രു കാമ്പസ്, ഇന്ത്യൻ സ്‌കൂൾ ദർസൈത്ത്, ഇന്ത്യൻ സ്‌കൂൾ സീബ്, ഇന്ത്യൻ സ്‌കൂൾ സൂർ, ഇന്ത്യൻ സ്‌കൂൾ സലാല എന്നിവിടങ്ങളിൽ പ്രധാന വികസന പ്രവർത്തനങ്ങൾ ഇതിനകം നടന്നുകൊണ്ടിരിക്കുകയാണ്. ഭാവിയിൽ കൂടുതൽ കാമ്പസുകൾ നവീകരിക്കുന്നതിനായി ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.