ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ നിർമ്മിത ബുദ്ധിയും സാമ്പത്തിക സാക്ഷരതയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നു
തീരുമാനം ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളുടെ ഡയറക്ടർ ബോർഡ് അംഗീകരിച്ചു
മസ്‌കത്ത്: ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ അഞ്ചാം ക്ലാസ് മുതൽ നിർമ്മിത ബുദ്ധി (എഐ), സാമ്പത്തിക സാക്ഷരത എന്നിവ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നു. 2025-27 അധ്യയന വർഷത്തേക്കുള്ള അജണ്ടയിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഈ സുപ്രധാന തീരുമാനം ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളുടെ ഡയറക്ടർ ബോർഡ് അംഗീകരിച്ചു. ഈ ആഴ്ച മുതൽ തന്നെ ഒമാനിലെ എല്ലാ ഇന്ത്യൻ സ്‌കൂളുകളിലും സമഗ്രമായ സാമ്പത്തിക സാക്ഷരതാ പരിപാടി നടപ്പാക്കും.
സാമ്പത്തികപരമായ തത്വങ്ങളെക്കുറിച്ച് വിദ്യാർഥികൾക്ക് അവബോധം നൽകുന്നതിനും, സ്വന്തം സാമ്പത്തിക കാര്യങ്ങളും കുടുംബത്തിന്റെ സാമ്പത്തിക കാര്യങ്ങളും എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യാം എന്ന് പഠിപ്പിക്കുന്നതിനുമാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. പാഠ്യപദ്ധതിയിലും അടിസ്ഥാന സൗകര്യങ്ങളിലും വരുത്തുന്ന ഈ മാറ്റം ബോർഡിന്റെ ദീർഘവീക്ഷണത്തോടെയുള്ള നീക്കമാണ് എന്ന് ചെയർമാൻ സയ്യിദ് അഹമ്മദ് സൽമാൻ അഭിപ്രായപ്പെട്ടു.
വേനൽ അവധിക്ക് തൊട്ടുപിന്നാലെ ആരംഭിക്കുന്ന എഐ പാഠ്യപദ്ധതിയിലൂടെ വിദ്യാർഥികൾക്ക് മെഷീൻ ലേണിംഗ്, അൽഗോരിതങ്ങൾ, എഐ ഉപകരണങ്ങളുടെ ഉത്തരവാദിത്തപരമായ ഉപയോഗം എന്നിവയെക്കുറിച്ച് പ്രാഥമികമായ അറിവ് ലഭിക്കും. കൂടാതെ, പുതുതായി രൂപീകരിച്ച ബോർഡ് സ്‌പോർട്‌സ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ഒരു സ്‌പോർട്‌സ് അക്കാദമി സ്ഥാപിക്കുന്നതിനും അനുമതി നൽകിയിട്ടുണ്ട്.