Writer - razinabdulazeez
razinab@321
മസ്കത്ത്: ഒമാന്റെ മധ്യസ്ഥതയെ തുടർന്ന് അമേരിക്കയും യമനിലെ ഹൂതികളും തമ്മിൽ വെടിനിർത്തൽ കരാറിലെത്തി. വെടിനിർത്തൽ യാഥാർഥ്യമാക്കാൻ ഒമാൻ നടത്തിയ മധ്യസ്ഥ ശ്രമങ്ങളെ ലോകരാഷ്ട്രങ്ങൾ അഭിനന്ദിച്ചു.
അമേരിക്കയുമായും യമനിലെ സൻആയിൽ ബന്ധപ്പെട്ട അധികാരികളുമായും നടത്തിയ സമീപകാല ചർച്ചകൾക്കും ഇടപെടലുകൾക്കും ശേഷമാണ് കരാറിലെത്താൻ കഴിഞ്ഞതെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയത്തിലെ വക്താവ് വ്യക്തമാക്കി. കരാർ പ്രകാരം, ചെങ്കടലിലും ബാബ് അൽ-മന്ദാബ് കടലിടുക്കിലും ഇരു കക്ഷികളും പരസ്പരം ആക്രമണത്തിലേർപ്പെടില്ല. ഇതുവഴി നാവിഗേഷൻ സ്വാതന്ത്ര്യം സംരക്ഷിക്കുകയും അന്താരാഷ്ട്ര വാണിജ്യ കപ്പലുകളുടെ തടസ്സമില്ലാത്ത ഒഴുക്ക് ഉറപ്പാക്കുകയും ചെയ്യും. വെടിനിർത്തലിലേക്ക് നയിച്ച ക്രിയാത്മക സമീപനത്തിന് ഇരു കക്ഷികളെയും ഒമാൻ അഭിനന്ദിച്ചു. നീതി, സമാധാനം, എല്ലാവർക്കും അഭിവൃദ്ധി എന്നീ പൊതു ലക്ഷ്യങ്ങൾ മുൻനിർത്തി പ്രാദേശിക വിഷയങ്ങളിൽ കൂടുതൽ പുരോഗതി കൈവരിക്കാൻ ഈ കരാർ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. മിഡിൽ ഈസ്റ്റിലെ പ്രധാനപ്പെട്ട കപ്പൽ പാതകൾ തടസ്സപ്പെടുത്തുന്നത് നിർത്താൻ സമ്മതിച്ചതിന്റെ അടിസ്ഥാനത്തിൽ ഹൂത്തികൾക്ക് നേരെയുള്ള ബോംബാക്രമണം യു.എസ് നിർത്തുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വ്യക്തമാക്കിയിട്ടുണ്ട്. ഗസ്സയിൽ യുദ്ധം ആരംഭിച്ചതിനുശേഷം, ഫലസ്തീനികൾക്ക് പിന്തുണ അറിയിച്ചാണ് ഹൂതികൾ കപ്പലുകൾക്ക് നേരെ ആക്രമണം തുടങ്ങിയത്. അതേസമയം വെടിനിർത്തലിലേക്ക് നയിച്ച നിർണായക മധ്യസ്ഥ ശ്രമങ്ങൾക്ക് ഗൾഫ് സഹകരണ കൗൺസിൽ ഒമാനെ പ്രശംസിച്ചു. സുൽത്താനേറ്റ് നടത്തിയ നയതന്ത്ര ശ്രമങ്ങളെ കുവൈത്തും ഖത്തറും ജോർഡനും ഇറാഖും സ്വാഗതം ചെയ്തു. ചെങ്കടലിലെ സമുദ്ര ഗതാഗതത്തിൽ ഈ നടപടി ക്രിയാത്മകമായി പ്രതിഫലിപ്പിക്കുമെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.