പഹൽഗാം ഭീകരാക്രമണം; ശക്തമായ ഭാഷയിൽ അപലപിച്ച് ഒമാൻ
എല്ലാ തരത്തിലുമുള്ള അക്രമത്തെയും ഭീകരവാദത്തെയും ഒമാൻ ശക്തമായി എതിർക്കുന്നുവെന്നും പ്രസ്താവനയിൽ വ്യക്തമാക്കി
മസ്‌കത്ത്: ജമ്മു കാശ്മീരിലെ പഹൽഗാമിൽ ഇന്നലെ നടന്ന ഭീകരാക്രമണത്തെ ഒമാൻ ശക്തമായി അപലപിച്ചു. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള ഈ ആക്രമണം അങ്ങേയറ്റം ഹീനമാണെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
സൗഹൃദ രാജ്യമായ ഇന്ത്യയിലെ സർക്കാരിനും ജനങ്ങൾക്കുമൊപ്പം, ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും ഒമാൻ സുൽത്താനേറ്റ് അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നും പ്രസ്താവനയിൽ ആശംസിച്ചു. 'എല്ലാ തരത്തിലുമുള്ള അക്രമത്തെയും ഭീകരവാദത്തെയും ഒമാൻ ശക്തമായി എതിർക്കുന്നു, അതിന്റെ കാരണങ്ങളോ ലക്ഷ്യങ്ങളോ എന്തായിരുന്നാലും ഇത്തരം പ്രവൃത്തികൾ അംഗീകരിക്കാനാവില്ലെന്നും' പ്രസ്താവനയിൽ വ്യക്തമാക്കി.
ഭീകരാക്രമണത്തിൽ ലോക നേതാക്കൾ പലരും ശക്തമായി അപലപിക്കുകയും ഇന്ത്യക്ക് പിന്തുണ അറിയിക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി എന്നിവരെല്ലാം ശക്തമായ ഭാഷയിലാണ് ഭീകരാക്രമണത്തെ അപലപിച്ചത്. അതേസമയം രാജ്യത്തെ നടുക്കിയ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. പരിക്കേറ്റ 15 പേർ ചികിത്സയിലാണ്. ഭീകരാക്രമണം നടന്ന പഹൽഗാമിലെ ബൈസരൻ വാലി ആഭ്യന്തര മന്ത്രി അമിത്ഷാ സന്ദർശിച്ചു.