ഒമാനെതിരെ കേരളത്തിന് മിന്നും വിജയം; രോഹൻ കുന്നുമ്മലിന് സെഞ്ച്വറി

നാല് വിക്കറ്റിനാണ് ഒമാനെ പരാജയപ്പെടുത്തിയത്

Update: 2025-04-21 18:48 GMT
Editor : Thameem CP | By : Web Desk
Advertising

മസ്‌കത്ത്: ഒമാനെതിരെയുള്ള ആദ്യ ഏകദിന മത്സരത്തിൽ കേരളത്തിന് തിളക്കമാർന്ന വിജയം. അമീറാത്ത് ക്രിക്കറ്റ് അക്കാദമിക് ഗ്രൗണ്ടിൽ നടന്ന കളിയിൽ നാല് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. രോഹൻ കുന്നുമ്മലിന്റെ സെഞ്ച്വറി മികവിലാണ് (109 ബാളിൽ 122) കേരളം ആതിഥേയർക്കെതിരെ മിന്നും ജയം സ്വന്തമാക്കിയത്. ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയത്തിൽ വെടിക്കെട്ടുകളുടെ മാലപടക്കമാണ് റോഹൻ തീർത്തത്. നാല് സിക്‌സറും 12 ബൗണ്ടറിയും അടങ്ങുന്നതായിരുന്നു റോഹന്റെ ഇന്നിങ്‌സ്. ഒമാൻ ഉയർത്തിയ 327 എന്ന കൂറ്റൻ വിജയ ലക്ഷ്യവുമായി ഇറങ്ങിയ കേരളം പതിയെയായിരുന്നു ബാറ്റ് വീശി തുടങ്ങിയത്. 11ാം ഓവറിൽ ടീം 64ൽ നിൽക്കെ 23 റൺസെടുത്ത അഹമദ് ഇബ്രാഹിമിന്റെ വിക്കറ്റ് നഷ്ടമായി. അതേ ഓവറിൽ മുഹമ്മദ് അസറുദ്ദീനെയും പുറത്താക്കി ഹുസൈൻ അലി ഷ ഒമാന് ആത്മവിശ്വാസം നൽകി. അതേസമയം രോഹൻ കുന്നുമ്മൽ ഒരറ്റത്ത് കൃത്യമായി ബാറ്റ് വീശി. നിശ്ചിത ഇടവേളകളിൽ ബൗണ്ടറി കണ്ടെത്തി ടീമിന്റെ സ്‌കോർ ഉയർത്തിക്കൊണ്ടേയിരുന്നു. കൂട്ടിനെത്തിയ സൽമാൻ നിസാറും തനിക്കാവുന്ന സംഭാവന (87) നൽകിയതോടെ കേരളം വിജയ തീരമണയുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഒമാൻ ക്യാപ്റ്റൻ ജതീന്ദർ സിങ്ങിന്റെ ഗംഭീര ഇന്നിങ്‌സിന്റെ മികവിലാണ് മികച്ച സ്‌കോർ കണ്ടെത്തിയത്. 136 ബോളിൽ നിന്ന് 153 റൺസാണ് ജതീന്ദർ അടിച്ചെടുത്തത്. ഇതിൽ 11 ബൗണ്ടറികളും മൂന്ന് സിക്‌സറും ഉൾപ്പെടും. 68 ബോളിൽ നിന്ന് 73 റൺസാണ് അമീർ ഖലീലിന്റെ സംഭാവന. പൃത്വി മാച്ചി (16 ), ഹമ്മദ് മിർസ (19 ) മുജീബ് ഉർ അലി (10) വിനായക ശുക്ല (29 ) റൺസടിച്ചപ്പോൾ മറ്റുള്ളവരൊന്നും രണ്ടക്കം കടന്നില്ല. കേരളത്തിന് വേണ്ടി നിദീഷും ഏദൻ ആപ്പിൾ ടോമും നാല് വിക്കറ്റ് വീതം വീഴ്ത്തി. ബിജു നാരായണനും അഹമദ് ഇമ്രാനും ഒരോ വിക്കറ്റും വീഴ്ത്തി. ടോസ് നേടിയ കേരളം ഓമാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 23നാണ് അടുത്ത മത്സരം.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News