നാല് പതിറ്റാണ്ടിന്റെ സൗഹൃദം; ഒമാനും റഷ്യയും സംയുക്ത സ്റ്റാമ്പ് പുറത്തിറക്കി
ഒമാൻ പോസ്റ്റും റഷ്യൻ പോസ്റ്റും സംയുക്തമായാണ് ചൊവ്വാഴ്ച പുതിയ സ്റ്റാമ്പ് പുറത്തിറക്കിയത്
മസ്‌കത്ത്: ഒമാനും റഷ്യയും തമ്മിലുള്ള ദീർഘകാല സൗഹൃദബന്ധം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളുടെയും തപാൽ വകുപ്പുകൾ ചേർന്ന് സംയുക്ത സ്റ്റാമ്പ് പുറത്തിറക്കി. ഒമാൻ പോസ്റ്റും റഷ്യൻ പോസ്റ്റും സംയുക്തമായാണ് ചൊവ്വാഴ്ച പുതിയ സ്റ്റാമ്പ് പുറത്തിറക്കിയത്.
ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ റഷ്യൻ സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ സുപ്രധാന നീക്കം. ഒമാനും റഷ്യയും തമ്മിലുള്ള 40 വർഷത്തെ നയതന്ത്ര ബന്ധം അടയാളപ്പെടുത്തുന്ന മനോഹരമായ കലാസൃഷ്ടിയോടുകൂടിയ സ്റ്റാമ്പാണ് പുറത്തിറക്കിയിരിക്കുന്നത്. ഇരു രാജ്യങ്ങളുടെയും ശക്തമായ സാമ്പത്തിക സാംസ്‌കാരിക ബന്ധങ്ങളെ എടുത്തു കാണിക്കുന്ന സ്റ്റാമ്പ്, സൗഹൃദത്തിന്റെയും പരസ്പര ധാരണയുടെയും പ്രതീകം കൂടിയാണ്.
ഇരു രാജ്യങ്ങളുടെയും പൊതുവായ നാവിക പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളണ്ടാണ് സ്റ്റാമ്പിന്റെ രൂപകൽപ്പന. 15-ാം നൂറ്റാണ്ടിൽ നാവിഗേഷന്റെയും ഭൂമിശാസ്ത്രപരമായ അറിവിന്റെയും വളർച്ചയിൽ നിർണായക പങ്കുവഹിച്ച രണ്ട് പ്രധാന വ്യക്തികളെ ഇതിൽ ചിത്രീകരിച്ചിട്ടുണ്ട്. പ്രശസ്ത ഒമാനി പര്യവേക്ഷകനായ അഹമ്മദ് ബിൻ മാജിദ് അൽ-സാദി, അറേബ്യൻ ഉപദ്വീപ് സന്ദർശിച്ച ആദ്യ റഷ്യക്കാരനായ അഫാനാസി നികിതിൻ എന്നിവരുടെ ചിത്രങ്ങളാണ് സ്റ്റാമ്പിൽ ആലേഖനം ചെയ്തത്. തപാൽ സേവനങ്ങളിലും അനുബന്ധ പ്രവർത്തനങ്ങളിലും സഹകരണം വർധിപ്പിക്കാനും , സംയുക്ത സഹകരണത്തിന് പുതിയ വാതിലുകൾ തുറക്കാനും ഈ സ്റ്റാമ്പ് സഹായിക്കുമെന്നാണ് വിലയിരുത്തൽ.