ഒമാനിൽ ഇനി മാമ്പഴക്കാലം; പ്രവാസികൾക്ക് ഗൃഹാതുരത്വത്തിൻ്റെ മധുരം

ഒമാന്റെ തനത് മാമ്പഴത്തിന് ഗൾഫ് രാജ്യങ്ങളിൽ ആവശ്യക്കാർ ഏറെ

Update: 2025-04-07 16:17 GMT
Editor : Thameem CP | By : Web Desk
Advertising

മസ്‌കത്ത്: ഒമാനിൽ ഇനി മാമ്പഴക്കാലം. പ്രവാസികൾക്ക് ഗൃഹാതുരത്വ ഓർമകൾ സമ്മാനിച്ച് ഒമാന്റെ വിവിധ പ്രദേശങ്ങളിൽ മാവുകൾ കായ്ച്ചുതുടങ്ങി. കേരളത്തിലെ പറമ്പുകളിൽ കായ്ക്കുന് പോലെതന്നെ അധികം വലുതല്ലാത്ത ചെറിയ മാമ്പഴമാണ് ഒമാനിലുള്ളത്. ഒമാന്റെ വിവിധയിടങ്ങളിൽ ഏക്കർ കണക്കിന് മാമ്പഴ തോട്ടങ്ങളുണ്ട്. ഇവിടെനിന്ന് വിളവെടുക്കുന്ന മാമ്പഴം മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ട്. ഒമാൻ മാമ്പഴത്തിന് ജി.സി.സിരാജ്യങ്ങളിൽ ആവശ്യക്കാർ ഏറെ ആണ്. പരമ്പരാഗതമാർക്കറ്റിലും സൂഖിലെ പഴം പച്ചക്കറി കേന്ദ്രത്തിലും മാമ്പഴം ലഭ്യമാകും. സീസൺ ആകുന്നതോടെ പാതയോരത്തും മാമ്പഴ കച്ചവടം കാണാം. വരും ദിവസങ്ങളിൽ വലിയ ഹൈപ്പർ മാർക്കറ്റുകളിൽ മാമ്പഴ ഫെസ്റ്റുകളും പ്രദർശനങ്ങളും നടക്കും.

1990ൽതന്നെ രാജ്യത്ത് മാവുകൾ വ്യാപമാക്കുന്നതിന് കാർഷിക മന്ത്രാലയം ശ്രമങ്ങൾ നടത്തുകയും ഇത് സംബന്ധമായി ഗവേഷണം നടത്തുകയും ചെയ്തിരുന്നു. ഉന്നത ഗുണ നിലവാരമുള്ള 25 ഇനം മാവുകൾ ഒമാന്റെ മണ്ണിന് അനുയോജ്യമാണെന്ന് പഠനത്തിൽ കണ്ടെത്തിയിരുന്നു. മസ്‌കത്ത് ഗവർണറേറ്റിലെ ഖുറിയാത്തിലെ ഹൈൽ അൽ ഗാഫ് ഗ്രാമം മാമ്പഴ കൃഷിക്ക് ഏറെ പ്രശസ്തമാണ്. ഗ്രാമത്തിലെ പ്രധാന നാണ്യവിളയാണ് മാവ്. ഇവിടെ ഗുണമേന്മയുള്ളതും മധുരമുള്ളതുമായ മാമ്പഴം സുലഭമാണ്. ഇവിടെയുള്ള ഗുണമേന്മയുള്ള പ്രധാന ഇനമാണ് ലുംബ ഹംബ. ഇത് മറ്റ് പേരുകളിലും അറിയപ്പെടുന്നുണ്ട്. ലുംബ ഹംബ മാങ്ങകൾക്ക് ഒമാനി പ്രാദേശിക മാർക്കറ്റിൽ ആവശ്യക്കാർ ഏറെയാണ്. പീച്ചസ്, സർസിബാരി, അൽ ബാബ്, അൽ ഹുകും, അൽ ഹാറ, അൽ വഗ്ല, കാംഫോർ, പെപ്പർ, ഹോഴ്‌സസ്, ഹിലാൽ എന്നിവയാണ് ഒമാനിൽ കണ്ട് വരുന്ന പ്രധാന ഇനങ്ങൾ.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News