Writer - razinabdulazeez
razinab@321
മസ്കത്ത്: മൂന്നാമത് ജിസിസി ബീച്ച് ഗെയിംസിന് ഇന്ന് മസ്കത്തിൽ തുടക്കമായി. ഏപ്രിൽ 11 വരെ നടക്കുന്ന ഗെയിംസിൽ ജിസിസിയിലെ ആറ് രാജ്യങ്ങൾ പങ്കെടുക്കും. എട്ട് ഇനങ്ങളിലാണ് മത്സരം. ബഹ്റൈൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ, യുഎഇ, ഒമാൻ എന്നീ ആറ് രാജ്യങ്ങളാണ് ജിസിസി ബീച്ച് ഗെയിംസിൽ മാറ്റുരക്കുന്നത്. ബീച്ച് ഫുട്ബോൾ, വോളിബോൾ, ഹാൻഡ്ബോൾ, നീന്തൽ, സെയിലിങ്, ടെന്റ് പെഗ്ഗിങ്, അത്ലറ്റിക്സ് പാരാഗ്ലൈഡിങ് എന്നിങ്ങനെ എട്ട് കായിക ഇനങ്ങളിലായാണ് മത്സരം നടക്കുന്നത്. ഗൾഫ് യുവാക്കൾക്കിടയിൽ കൂടുതൽ ഐക്യവും കായിക സംയോജനവും വളർത്തിയെടുക്കുന്നതാണ് ബീച്ച് ഗെയിംസ്. ഗെയിംസിൽ അത്ലറ്റുകളുടെ പങ്കാളിത്തം ഇത് തെളിയിക്കുന്നതാണ്. ജിസിസി രാജ്യങ്ങൾക്കിടയിൽ സംയുക്ത കായിക സഹകരണം വർധിപ്പിക്കുന്നതിനും ഗെയിംസ് വഴിയൊരുക്കുമെന്ന് സംഘാടകർ പറഞ്ഞു. സയ്യിദ് മാലിക് ബിൻ ഷിഹാബ് അൽ സഈദിന്റെ രക്ഷാകർത്വത്തിൽ ഖുറം നാച്ചുറൽ പാർക്കിലായിരുന്നു ഉദ്ഘാടന ചടങ്ങ്. ഗെയിംസിന് അതിഥേയത്വം വഹിക്കുന്നതിലൂടെ ഒമാന്റെ പ്രാദേശിക കായികരംഗത്തിനും പുതു ഊർജം ലഭിക്കും. ഫുട്ബോളും ഹാന്റ് ബോളും സുൽത്താൻ ഖാബൂസ് സ്പോർട് കോംപ്ലക്സിലാണ് നടക്കുക. ബീച്ച് വോളിബോളും അത്ലറ്റിക്സും അൽ അതൈബ ബീച്ചിലും സ്വിമ്മിങ് ദിവേവ് മസ്കത്തിലും നടക്കും. സെയിലിങ് അൽ ഹെയിൽ നോർത്ത് ബീച്ചിലും അരങ്ങേറും.