Writer - razinabdulazeez
razinab@321
സലാല: ഒമാൻ ഒയാസിസ് വാട്ടർ കമ്പനിയിലെ 21 തൊഴിലാളികൾ ചേർന്നെടുത്ത ടിക്കറ്റിനാണ് ഇപ്രാവശ്യം അബൂദബി ബിഗ് ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ 33 കോടി ഇന്ത്യൻ രൂപ ലഭിക്കുക. പാലക്കാട് ജില്ലയിലെ പട്ടാമ്പി സ്വദേശിയായ എ.സി ടെക്നീഷൻ രാജേഷിന്റെ നേതൃത്വത്തിൽ എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. എല്ലാവരും കമ്പനിയിലെ സാധാരണ തൊഴിലാളികളാണെന്ന് അദ്ദേഹം മീഡിയാവണിനോട് പറഞ്ഞു. ലഭ്യമാകുന്ന തുക 21 ആയി തുല്യമായി ഭാഗിക്കുകയാണ് ചെയ്യുക. ഓരോരുത്തർക്കും ചെലവ് കഴിഞ്ഞ് ഏകദേശം ഒന്നര കോടിയിലധികം രൂപ വീതം കിട്ടുമെന്ന് കരുതുന്നു. കഴിഞ്ഞ ആറ് വർഷമായി ഇവർ ടിക്കറ്റെടുത്ത് വരുന്നുണ്ട്. ഇരുപത്തി ഒന്ന് പേരിൽ 13 പേർ മലയാളികളാണ് . ഒരു പഞ്ചാബിയും ഒരു തമിഴ്നാട്ടുകാരനും രണ്ട് കർണാടകയും രണ്ട് യുപിക്കാരുമാണുള്ളത്. രണ്ട് പേർ പാക്കിസ്ഥാനികളാണ്.
വേരിഫിക്കേഷനായി കമ്പനി അധിക്യതർ രാജേഷിനെ ബന്ധപ്പെട്ടിരുന്നു. രേഖകൾ അയച്ചിട്ടുണ്ട്. അടുത്ത മാസ നറുക്കെടുപ്പിനാണ് തുക കൈമാറുക. ഇതിനായി അബൂദബിയിൽ പോകേണ്ടതുണ്ട്. തുക ബാങ്കിലേക്കാണ് അയക്കുക. ഇതിനായി ബാങ്ക് മസ്കത്ത് മാനേജറുമായി സംസാരിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. രാജേഷ് ദീർഘകാലം സലാല സനായിയ്യയിലെ പ്രമുഖ എ.സി സർവ്വീസ് സെന്ററിലെ സാംബശിവനോടൊപ്പമായിരുന്നു. 2018 ൽ ഇദ്ദേഹത്തിന്റെ ഭാര്യ അകാലത്തിൽ നിര്യാതയായി. തുടർന്നുള്ള വർഷങ്ങളിൽ അച്ഛനും അമ്മയും മരിച്ചു. മക്കളെ ഇദ്ദേഹത്തിന്റെ ചേച്ചിയാണ് സംരക്ഷിക്കുന്നത്. ഒരുപാട് ദുരന്തങ്ങൾക്ക് ശേഷം വന്ന മധുരത്തിന് ഒത്തിരി സന്തോഷമുണ്ടെന്ന് രാജേഷ് പറഞ്ഞു. തുക കൈപ്പറ്റി എല്ലാവർക്കും അത് കൈമാറിയാലാണ് ആശ്വാസമാകുക. തുടർന്നും ഇവിടെ തന്നെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.