'ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഒഴിവാക്കണം'; ഷെയ്ന്‍ നിഗം നായകനായ 'ഹാൽ' സിനിമയ്ക്ക് സിബിഎഫ്‌സിയുടെ കടുംവെട്ട്
ധ്വജപ്രണാമം, സംഘം കാവലുണ്ട്, രാഖി പരാമര്‍ശങ്ങളും നീക്കണമെന്നും സിബിഎഫ്‌സി നിര്‍ദേശിച്ചിട്ടുണ്ട്
കൊച്ചി: ഷെയ്ൻ നിഗം നായകനായ 'ഹാൽ' സിനിമയുടെ സെൻസറിങിൽ സെൻസർ ബോർഡിനെതിരെ അണിയറ പ്രവർത്തകർ ഹൈക്കോടതിയിൽ. ഡയലോഗുകളും സീനുകളും വെട്ടാൻ നിർദ്ദേശിച്ചതായി ഹരജിയിൽ പറയുന്നു.സമയബന്ധിതമായി സെൻസറിങ് പൂർത്തിയാക്കാൻ പുതിയ മാനദണ്ഡങ്ങൾ രൂപീകരിക്കണമെന്നും അണിയറ പ്രവർത്തകർ ആവശ്യപ്പെട്ടു.
'ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഒഴിവാക്കണം,ഗണപതിവട്ടം,ധ്വജപ്രണാമം,സംഘം കാവലുണ്ട്, രാഖി തുടങ്ങിയ പരാമര്‍ശങ്ങളും ഒഴിവാക്കണം തുടങ്ങി നിരവധി നിര്‍ദേശങ്ങളാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ മീഡിയവണിനോട് പറഞ്ഞു.സിനിമയിലെ ഒരു രംഗത്തില്‍ നായിക പര്‍ദ ധരിക്കുന്ന രംഗം നീക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമയില്‍ ന്യൂഡിറ്റിയോ വയലന്‍സോ ഒന്നുമില്ല, എന്നിട്ടും എ സര്‍ട്ടിഫിക്കറ്റാണ് നല്‍കുകയെന്ന് സിബിഎഫ്‌സി അറിയിച്ചിട്ടുണ്ട്. ഇവര്‍ പറയുന്നു.
സമൂഹത്തില്‍ നടക്കുന്ന പ്രശ്നങ്ങള്‍ സിനിമയിലൂടെ പറയാന്‍ ശ്രമിക്കുന്നുണ്ട്,എന്നാല്‍ ഒരു മതത്തിനെയോ രാഷ്ട്രീയപാര്‍ട്ടികളെയോ അപമാനിച്ചിട്ടില്ല.സിനിമയില്‍ കാണിച്ചിരിക്കുന്നത് ബീഫ് ബിരിയാണിയല്ല,മട്ടന്‍ ബിരിയാണിയാണ്. ഞങ്ങള്‍ ഷൂട്ട് ചെയ്ത സ്ഥലത്ത് ബീഫ് ബിരിയാണി കിട്ടിയിരുന്നില്ല. പക്ഷേ ബീഫ് ബിരിയാണി കഴിക്കാമെന്ന് സിനിമയില്‍ പറയുന്നുണ്ട്. അതേസമയം, സിനിമയിലൂടെ നല്ലൊരു സന്ദേശം നല്‍കാനാണ് ശ്രമിച്ചതെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.