ആസിഫ് അലിയുടെ ടിക്കിടാക്ക; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ആസിഫ് അലിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം പാലക്കാട് ഷൂട്ടിംഗ് പുരോഗമിക്കുകയാണ്
റിലീസിന് ഒരുങ്ങുന്ന മലയാള ചിത്രങ്ങളിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആസിഫ് അലി ചിത്രമാണ് ടിക്കിടാക്ക. രോഹിത് വിഎസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. 'Absolute Cinema' എന്ന ടാഗ്ലൈനോടെയാണ് സിനിമയുടെ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ബോളിവുഡിലെ വമ്പൻ കമ്പനിയായ ടി സീരീസ് ആദ്യമായി നിർമ്മാണ പങ്കാളിയാകുന്ന മലയാള ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇവർക്കൊപ്പം മറ്റൊരു പ്രമുഖ ബോളിവുഡ് നിർമ്മാണ കമ്പനിയായ പനോരമ സ്റ്റുഡിയോസും സിനിമയുടെ നിർമ്മാണ പങ്കാളികളാണ്.
ആസിഫ് അലിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം പാലക്കാട് ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ആരാധകരുടെ പ്രതീക്ഷകൾ വർധിപ്പിക്കുന്ന തരത്തിൽ ഒരു ബോളിവുഡ് സ്റ്റയിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് പുറത്ത് വന്നിട്ടുള്ളത്. സിജു മാത്യുവും ബോളിവുഡ് ദൃശ്യത്തിന്റെ നിർമ്മാതാവായ കുമാർ മംഗത് പഥക്കും ഒപ്പം സംവിധായകനായ അഭിഷേക് പഥക്കും സിനിമയുടെ നിർമാതാക്കളാണ്. കെ ജി എഫിലൂടെ ശ്രദ്ധേയനായ രവി ബസൂർ ആണ് ഈ ബിഗ് ബഡ്ജറ്റ് മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.
ആസിഫ് അലിക്ക് ഒപ്പം നസ്ലൻ, ലുക്മാൻ അവറാൻ, വമിഖ ഗബ്ബി, സഞ്ജന നടരാജ്, എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. അതേ സമയം പുറത്ത് വിടാത്ത ഒട്ടേറെ സർപ്രൈസ് താരങ്ങളും സിനിമയിൽ ഉള്ളതായി റിപോർട്ടുകൾ ഉണ്ട്. ആക്ഷന് പ്രാധാന്യം നൽകിയുള്ള ചിത്രത്തിൽ ഇന്തോനേഷ്യയിൽ നിന്നുള്ള ഉദേ നൻസ് എന്ന ഫൈറ്റ് മാസ്റ്ററാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. 'ദ് റെയ്ഡ് റിഡെംപ്ഷൻ' എന്ന ഹോളിവുഡ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ഒരുക്കിയതും ഇദ്ദേഹമായിരുന്നു.
ഗുൽഷൻ കുമാർ, ഭുഷൻ കുമാർ, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർക്കൊപ്പം വെൽമെയ്ഡ് പ്രൊഡക്ഷന്സും അഡ്വഞ്ചേഴ്സ് കമ്പനിയും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. നാവിസ് സേവിയർ ,റാം മിർ ചന്ദനി, രാജേഷ് മേനോൻ എന്നിവരാണ് ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ. ഛായാഗ്രഹണം - സോണി സെബാൻ, തിരക്കഥ സംഭാഷണം - നിയോഗ്, കഥ - പാക്കയരാജ് , എഡിറ്റിംഗ് - ചമൻ ചാക്കോ, കോ ഡയറക്റ്റർ - ബാസിദ് അൽ ഗസാലി, ഓഡിയോഗ്രഫി - ഡോൺ വിൻസന്റ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - അഭിഷേക് ഗണേഷ് ആർ, പ്രൊഡക്ഷൻ ഡിസൈനർ നിമേഷ് എം താനൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - ഹരീഷ് തെക്കേപ്പാട്ട്, കോസ്റ്റ്യൂം ഡിസൈനർ - ജിഷാദ് ഷംസുദ്ധീൻ, പ്രൊഡക്ഷൻ കൺട്രോളർ - സഞ്ജയ് പടിയൂർ, മേക്ക് അപ്പ് ആർ ജി വയനാടൻ, സ്റ്റീൽസ് ജാൻ ജോസഫ് ജോർജ്, പബ്ലിസിറ്റി ഡിസൈൻ - ടെൻ പോയിന്റ്, പി ആർ ഓ - റോജിൻ കെ റോയ്. എന്നിവരാണ് സിനിമയിലെ പ്രധാന അണിയറ പ്രവർത്തകർ.
ചിത്രത്തിന് വേണ്ടി ആസിഫ് അലി നടത്തിയ ബോഡി ട്രാൻസ്‌ഫോർമേഷൻ നേരത്തെ തന്നെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. കൂടാതെ ഒരു പക്കാ മാസ് ആക്ഷൻ പടമായിരിക്കും ടിക്കി ടാക്ക എന്ന സൂചന നേരത്തെ പുറത്തുവന്ന ടീസർ നൽകിയിരുന്നു. പ്രേക്ഷകർക്ക് നല്ലൊരു തിയേറ്റർ എക്സ്പീരിയൻസ് നൽകണമെന്ന ഉദ്ദേശ്യത്തോടെ ഒരുക്കുന്ന സിനിമയാണ് ടിക്കി ടാക്കയെന്നും എന്റെ ഒരു കെജിഎഫ് എന്ന് വിശ്വസിക്കുന്ന ചിത്രമാണ് അതെന്നുമാണ് ടിക്കി ടാക്കയെക്കുറിച്ച് ആസിഫ് അലി നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.