'ഇത് കഠിനാധ്വാനത്തിന്റെ സമ്മാനം'; ലോകയുടെ വിജയത്തിൽ നിമിഷ് രവിക്ക് ലക്ഷങ്ങൾ വിലയുള്ള വാച്ച് സമ്മാനിച്ച് കല്യാണി പ്രിയദർശൻ

വാച്ച് കെട്ടി നിൽക്കുന്ന കൈയുടെ പശ്ചാത്തലത്തിൽ പുഞ്ചിരിച്ചു നിൽക്കുന്ന കല്യാണിയുടെ ചിത്രത്തിനൊപ്പം കല്യാണിക്ക് നന്ദി അറിയിച്ച് നിമിഷ് തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്

Update: 2025-10-03 02:19 GMT

ലോക സിനിമ നേടിയ വലിയ വിജയത്തിൽ സിനിമയുടെ ഛായാഗ്രാഹകൻ നിമിഷ് രവിക്ക് നായിക കല്യാണി പ്രിയദർശന്റെ സ്‌നേഹ സമ്മാനം. ഏകദേശം ഒൻപത് ലക്ഷം രൂപയാണ് വാച്ചിന്റെ വില. കല്യാണിക്ക് നന്ദി അറിയിച്ച് നിമിഷ് തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

'പ്രിയപ്പെട്ട കല്യാണി, ഇത് നിങ്ങളുടെ മഹാമനസ്‌കതയുടെ തെളിവാണ്. വളരെയധികം നന്ദി, ഈ നിറം ലോകയുമായും ചന്ദ്രയുമായും എന്നെ നേരിട്ട് ബന്ധിപ്പിക്കുന്നു. മറ്റെന്തിനേക്കാളുമുപരി, തുടർച്ചയായ കഠിനാധ്വാനം നല്ല കാര്യങ്ങളിലേക്ക് നയിക്കുമെന്ന് ഇതെന്നെ ഓർമപ്പെടുത്തും. ഈ സിനിമയും അതുമായി ബന്ധപ്പെട്ടിരിക്കുന്ന ആളുകളും അക്കാര്യം എന്നും ഓർമപ്പെടുത്തിക്കൊണ്ടിരിക്കും. ഇത് കഠിനാധ്വാനത്തിനുള്ള സമ്മാനമാണ്. ഒരുപാട് സ്‌നേഹം' എന്ന് നിമിഷ് രവി കുറിച്ചു.

Advertising
Advertising

സ്വിസ് കമ്പനിയായ ഒമേഗയുടെ 9.8 ലക്ഷം രൂപ വിലയുള്ള സ്പീഡ്മാസ്റ്റർ 57 എന്ന മോഡൽ അത്യാഡംബര വാച്ചാണ് കല്യാണി സമ്മാനമായി നൽകിയത്. 40.5 എംഎം ഡയലും ലെതർ സ്ട്രാപ്പുമാണ് ഇതിന്റെ സവിശേഷത.

വാച്ച് കെട്ടി നിൽക്കുന്ന കൈയുടെ ചിത്രത്തിന്റെ പശ്ചാത്തലത്തിൽ പുഞ്ചിരിച്ചു നിൽക്കുന്ന കല്യാണിയുടെ ചിത്രത്തിനൊപ്പമാണ് പോസ്റ്റ്. 'നിങ്ങളാണേറ്റവും മികച്ചത്' എന്നാണ് പോസ്റ്റിന് കല്യാണിയുടെ കമന്റ്. ടൊവിനോ, അഹാന കൃഷ്ണ തുടങ്ങിയവരും സ്‌നേഹം അറിയിച്ച് കമന്റ് ബോക്‌സിലെത്തി. ഇങ്ങനെ പോയാൽ ഒരു വാച്ച് ഷോറൂം തുടങ്ങേണ്ടി വരുമെന്നാണ് ഒരു ആരാധകന്റെ കമന്റ്. നേരത്തെ 'ലക്കി ഭാസ്‌കറി'ന്റെ വിജയത്തിൽ ദുൽഖർ സൽമാനും നിമിഷിന് ഒരു ആഡംബര വാച്ച് സമ്മാനിച്ചിരുന്നു.

അതേസമയം, ബോക്‌സ് ഓഫസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് ലോക. 290 കോടി രൂപക്ക് മുകളിൽ ആഗോള തലത്തിൽ കളക്ഷൻ നേടിയ ഇൻഡസ്ട്രി ഹിറ്റ് ചിത്രമായി ലോക മാറിക്കഴിഞ്ഞു. കേരളത്തിലെ തിയേറ്ററുകളിൽ നിന്ന് മാത്രം ആദ്യമായി 50,000 ഷോകൾ പിന്നിടുന്ന ചിത്രം എന്ന റെക്കോർഡും ചിത്രത്തിനുണ്ട്.

Full View

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News