'അവർ വീണ്ടുമൊന്നിച്ചാൽ എന്താകുമെന്നറിയുമോ ?ബ്ലാസ്റ്റ്....'; ഞെട്ടിക്കാന്‍ പാട്രിയേറ്റ്,ടീസര്‍ പുറത്ത്

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍

Update: 2025-10-02 06:50 GMT
Editor : Lissy P | By : Web Desk

കൊച്ചി:മമ്മൂട്ടിയും മോഹന്‍ലാലും കേന്ദ്ര കാഥാപാത്രങ്ങളാകുന്ന ''പാട്രിയേറ്റി''ന്‍റെ ടീസര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തര്‍. മഹേഷ് നാരായണന്‍റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം നയന്‍താര, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു.

രേവതി,ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ് തുടങ്ങിയവര്‍ക്കൊപ്പം 'മദ്രാസ് കഫേ', 'പത്താന്‍' തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിന്റെ താരനിരയിലുണ്ട്..ആൻ്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആൻ്റോ ജോസഫ് ആണ് നിർമാണം.

Advertising
Advertising

സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന ചിത്രത്തിലെ ദൃശ്യങ്ങൾ ആരാധകരെ ആവേശത്തിൻ്റെ കൊടുമുടിയിൽ എത്തിക്കുന്നുണ്ട്. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ഗംഭീര ആക്ഷൻ രംഗങ്ങൾ ചിത്രത്തിൻ്റെ ഹൈലൈറ്റായി മാറുമെന്നാണ് ടീസർ നൽകുന്ന സൂചന.  സുഷിൻ ശ്യാമിൻ്റെ ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും മാനുഷ് നന്ദൻ ഒരുക്കിയ  ദൃശ്യങ്ങളും ടീസറിനെ മികവുറ്റതാക്കുന്നു. 

ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്. ശ്രീലങ്ക, അസർബൈജാൻ, ഡൽഹി, ഷാർജ, കൊച്ചി, ലഡാക്ക് എന്നിവിടങ്ങളിൽ ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രത്തിൻ്റെ ഹൈദരാബാദ് ഷെഡ്യൂൾ  പുരോഗമിക്കുകയാണ്. ഏഴ് മാസത്തെ ചികിത്സക്കും വിശ്രമത്തിനും ശേഷം മമ്മൂട്ടി ചിത്രീകരണത്തിനായി ഹൈദരാബാദിലെത്തിയിട്ടുണ്ട്. കൊച്ചിയിലും യുകെയിലും ചിത്രത്തിന് ചിത്രീകരണം ബാക്കിയുണ്ട്. ഒരു വലിയ ഇടവേളക്ക് ശേഷം മമ്മൂട്ടി - മോഹൻലാൽ ടീം ഒന്നിച്ചഭിനയിക്കുന്ന ഈ ചിത്രത്തിലെ മമ്മൂട്ടി - മോഹൻലാൽ കോമ്പിനേഷൻ രംഗങ്ങൾ കൊച്ചിയിൽ വെച്ച് ചിത്രീകരിക്കും. 

2026 വിഷു റിലീസായി ആണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ചിത്രത്തിൻ്റെ ഓവർസീസ് പാർട്ണർ.

ഛായാഗ്രഹണം - മാനുഷ് നന്ദൻ, സംഗീതം - സുഷിൻ ശ്യാം, എഡിറ്റിംഗ് - മഹേഷ് നാരായണൻ, രാഹുൽ രാധാകൃഷ്ണൻ, പ്രൊഡക്ഷന്‍ ഡിസൈനര്സ്: ഷാജി നടുവിൽ, ജിബിൻ ജേക്കബ്, ഓഡിയോഗ്രാഫി - വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷന്‍ കൺട്രോളർ -ഡിക്‌സണ്‍ പൊടുത്താസ്, ലൈൻ പ്രൊഡ്യൂസേഴ്സ് - സുനിൽ സിങ്, നിരൂപ് പിൻ്റോ, ജസ്റ്റിൻ ബോബൻ, ജെസ്‌വിൻ ബോബൻ, സിങ്ക് സൗണ്ട് - വൈശാഖ് പി വി, മേക്കപ്പ് - രഞ്ജിത് അമ്പാടി, ലിറിക്സ് - അൻവർ അലി, സംഘട്ടനം - ദിലീപ് സുബ്ബരായൻ, സ്റ്റണ്ട് സിൽവ, മാഫിയ ശശി, റിയാസ് ഹബീബ്, കോസ്റ്റിയൂം ഡിസൈൻ - ധന്യ ബാലകൃഷ്ണന്‍, നൃത്ത സംവിധാനം - ഷോബി പോൾരാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍: ഫാന്റം പ്രവീണ്‍, സ്റ്റിൽസ് - നവീൻ മുരളി, വിഎഫ്എക്സ് - ഫയർഫ്ലൈ, എഗ്ഗ് വൈറ്റ്, ഐഡൻ്റ് വിഎഫ്എക്സ് ലാബ്, ഡി ഐ കളറിസ്റ്റ് - ആശീർവാദ് ഹദ്കർ, പബ്ലിസിറ്റി ഡിസൈൻ - എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, പിആർഓ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. 

 മോഹൻലാലിനും മമ്മൂട്ടിക്കും പുറമെ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ചിത്രത്തില്‍ ശക്തമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നതെന്ന് സംവിധായകനായ മഹേഷ് നാരായണൻ നേരത്തെ വ്യക്തമാക്കിയിരുന്നു

'ഇത് ഒരുപട് നാളുകളായി എന്റെ മനസ്സിലുള്ള സിനിമയാണ്. തുടക്കത്തിൽ മമ്മൂട്ടി സാറിനെ മാത്രം വച്ച് തീരുമാനിച്ച ചിത്രമായിരുന്നു ഇത്. ഫഹദ് ഫാസിൽ നിർമ്മാതാവായി എനിക്കൊപ്പം ചേരാനായിരുന്നു തീരുമാനം. പിന്നീട് ഡേറ്റിന്റെ പ്രശ്നങ്ങൾ കാരണം ഫഹദും മോഹൻലാൽ സാറും സിനിമയിലേക്ക് വരികയായിരുന്നു. ഞാൻ എഴുതിയ തിരക്കഥയിൽ എന്റേതായ ഫിലിം മേക്കിം​ഗ് ശൈലിയിൽ എനിക്ക് മമ്മൂട്ടിയെയും മോഹൻലാലിനെയും അവതരിപ്പിക്കണമെന്നുണ്ട്. ഒരു ഫാൻ ബോയ് നിമിഷം എന്നതിനപ്പുറത്തേക്ക് ഇതിനെ അതിശയകരമായ ഒരു കോളാബറേഷനായിട്ടാണ് ഞാൻ കാണുന്നത്. തിരക്കഥ ഇഷ്ട്ടപ്പെട്ടത് കൊണ്ടാണ് എല്ലാവരും ഈ സിനിമ ചെയ്യാൻ തയ്യാറായത്. ഇതെന്റെ മറ്റു സിനിമകളെപ്പോലെ യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു സിനിമയല്ല. ഫഹദും ചാക്കോച്ചനും വെറുതെയൊരു കാമിയോ അല്ല. ഒരുപാട് കാര്യങ്ങൾ പെർഫോം ചെയ്യുന്ന ശക്തമായ കഥാപാത്രങ്ങളെയാണ് അവർ അവതരിപ്പിക്കുന്നത്. ഈ അഭിനേതാക്കളെയെല്ലാം മികച്ച രീതിയിൽ ഒരുമിച്ച് സ്‌ക്രീനിൽ അവതരിപ്പിക്കുക എന്നാണ് എന്റെ വെല്ലുവിളി' എന്ന് ദ ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ മഹേഷ് നാരായണൻ പറഞ്ഞിരുന്നു..

ടീസര്‍ കാണാം..

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News