'നാല് കോടി രൂപ നഷ്ടപരിഹാരം വേണം'; യൂട്യൂബിനും ഗൂഗിളിനുമെതിരെ ഐശ്വര്യ റായും അഭിഷേക് ബച്ചനും കോടതിയില്‍

ഗൂഗിളിന്റെ നിയമോപദേശകനോട് രേഖാമൂലം മറുപടി നല്‍കാന്‍ ഡൽഹി ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Update: 2025-10-02 08:12 GMT
Editor : Lissy P | By : Web Desk

മുംബൈ: എഐ ഉപയോഗിച്ച് നിര്‍മിച്ച ഡീപ്ഫേക്ക് വീഡിയോകള്‍ പ്രചരിപ്പിച്ചതിനെതിരെ യൂട്യൂബിനും ഗൂഗിളിനുമെതിരെ മാനനഷ്ടക്കേസ് നല്‍കി ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായും അഭിഷേക് ബച്ചനും. 450,000 ഡോളർ (ഏകദേശം നാല് കോടി) നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് താരദമ്പതികൾ കോടതിയെ സമീപിച്ചിരിക്കുന്നത്.

തന്റെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നുണ്ടെന്നാരോപിച്ച് കഴിഞ്ഞദിവസമാണ് ഐശ്വര്യ റായ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. അനുമതിയില്ലാതെ ചിത്രങ്ങൾ ഉപയോഗിക്കുന്നത് തടയണമെ് സ്വകാര്യത സംരക്ഷിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്.

Advertising
Advertising

കൂടാതെ, AI- ജനറേറ്റഡ് ഡീപ്‌ഫേക്ക് വീഡിയോകളിലെ തങ്ങളുടെ ശബ്ദങ്ങൾ, , ചിത്രങ്ങൾ എന്നിവ ദുരുപയോഗം ചെയ്യുന്നതോ തെറ്റായി പ്രതിനിധീകരിക്കുന്നതോ ഏതെങ്കിലും ഉള്ളടക്കം പ്രചരിപ്പിക്കുകയോ അത് വഴി പണം സമ്പാദിക്കുന്നതോ ചെയ്യുന്നത് തടയണമെന്നും സ്ഥിരമായ നിരോധനം ഏർപ്പെടുത്തണമെന്നും പരാതിയിൽ പറയുന്നു.തെറ്റിദ്ധരിപ്പിക്കുന്ന എഐ ഉള്ളടക്കങ്ങൾ എഐ മോഡലുകൾക്ക് തെറ്റായ വിവരങ്ങൾ പഠിപ്പിക്കുമെന്നും ഇത് തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങൾ കൂടുതൽ വ്യാപിക്കുന്നതിലേക്ക് നയിക്കുമെന്നും ഇവർ വാദിക്കുന്നു.

AI Bollywood Ishq എന്ന യൂട്യൂബ് ചാനലിനെയാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും ഹരജിയില്‍ പ്രത്യേകം പരാമര്‍ശിക്കുന്നത്. ഈ യൂട്യൂബ് ചാനലില്‍ കൃത്രിമമായി നിർമ്മിച്ച  259-ലധികം വീഡിയോകളുണ്ടെന്നും ഇവക്ക് 16.5 ദശലക്ഷത്തിലധികം കാഴ്ചക്കാരുണ്ടായിട്ടുണ്ടെന്നും പറയുന്നു.

സംഭവത്തില്‍ ഗൂഗിളിന്റെ നിയമോപദേശകനോട് രേഖാമൂലം മറുപടി നല്‍കാന്‍ ഡൽഹി ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.  2026 ജനുവരി 15 നാണ് കേസിലെ അടുത്ത വാദം നടക്കുന്നത്. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News