സ്പെയിനിന്റെ ‘ഭാഗ്യ റഫറി', അർജന്റീനയ്ക്ക് ആ കയ്പേറിയ ഓർമ! ഫൈനലിൽ വിസിലൂതാൻ വിൻസിച്ച് എത്തുമ്പോൾ

2022ലെ ഖത്തർ ലോകകപ്പിൽ അർജന്റീനയ്ക്ക് എക്കാലത്തെയും വലിയ ഞെട്ടൽ സമ്മാനിച്ച മത്സരത്തിൽ വിസിൽ ഊതിയത് വിൻസിച്ചായിരുന്നു

Update: 2026-07-18 12:22 GMT

ന്യൂയോർക്: 2026 ഫിഫ ലോകകപ്പ് ഫൈനൽ പോരാട്ടത്തിൽ അർജന്റീനയും സ്പെയിനും ഏറ്റുമുട്ടുമ്പോൾ മത്സരം നിയന്ത്രിക്കാൻ സ്ലൊവേനിയൻ റഫറി സ്ലാവ്‌കോ വിൻസിച്ച് എത്തും. ഞായറാഴ്ച ന്യൂയോർക്കിൽ നടക്കുന്ന കിരീടപ്പോരാട്ടത്തിനായുള്ള പ്രധാന റഫറിയായി ഫിഫ അദ്ദേഹത്തെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സഹനാട്ടുകാരായ തോമസ് ക്ലാൻക്‌നിക്, ആൻഡ്രാസ് കൊവാചിച്ച് എന്നിവരായിരിക്കും അസിസ്റ്റന്റ് റഫറിമാർ. ഫൈനൽ മത്സരത്തിനുള്ള ഔദ്യോഗിക റഫറി കിറ്റ് ഏറ്റുവാങ്ങുന്നതിനിടെ വിൻസിച്ച് വികാരഭരിതനായി കണ്ണീരണിഞ്ഞത് ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

Advertising
Advertising

ഫിഫയുടെ പ്രഖ്യാപനം ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ ആവേശത്തോടെയാണ് സ്വാഗതം ചെയ്തതെങ്കിലും, അർജന്റീനിയൻ ആരാധകർക്ക് ഈ വാർത്ത അത്ര ശുഭകരമല്ല. മെസ്സിക്കും സംഘത്തിനും വിൻസിച്ചെത്തുന്നതിൽ അല്പം ആശങ്കയുണ്ട്. 2022ലെ ഖത്തർ ലോകകപ്പിൽ അർജന്റീനയ്ക്ക് എക്കാലത്തെയും വലിയ ഞെട്ടൽ സമ്മാനിച്ച മത്സരത്തിൽ വിസിൽ ഊതിയത് വിൻസിച്ചായിരുന്നു.

2022 നവംബർ 22ന് ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ സൗദി അറേബ്യക്കെതിരെയായിരുന്നു അർജന്റീന കളത്തിലിറങ്ങിയത്. കളിയുടെ 8-ാം മിനിറ്റിൽ അർജന്റീനയ്ക്ക് വിൻസിച്ച് പെനാൽറ്റി അനുവദിക്കുകയും മെസ്സി അത് ഗോളാക്കി മാറ്റുകയും ചെയ്തു. മത്സരത്തിൽ സൗദി താരങ്ങൾക്ക് അദ്ദേഹം ആറ് മഞ്ഞക്കാർഡുകൾ നൽകിയിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ സൗദി അറേബ്യ ശക്തമായി തിരിച്ചടിക്കുകയും 2-1ന് അർജന്റീനയെ അട്ടിമറിക്കുകയും ചെയ്തു. വിൻസിച്ച് പ്രധാന റഫറിയായി നിയന്ത്രിച്ച മത്സരങ്ങളിൽ അർജന്റീന പരാജയപ്പെട്ട ഏക മത്സരവും അതായിരുന്നു. ആ കയ്പേറിയ ഓർമകൾ ഫൈനലിന് മുമ്പ് അർജന്റീന ക്യാമ്പിൽ വീണ്ടും ചർച്ചയായേക്കും.

അതേസമയം, യൂറോപ്യൻ പോരാട്ടങ്ങളിൽ സ്പെയിനിന്റെ നിരവധി നിർണായക മത്സരങ്ങൾ നിയന്ത്രിച്ച പരിചയസമ്പത്ത് വിൻസിച്ചിനുണ്ട്. 2017ൽ കൊളംബിയക്കെതിരായ സൗഹൃദ മത്സരത്തിലാണ് അദ്ദേഹം ആദ്യമായി സ്പാനിഷ് ടീമിന്റെ മത്സരം നിയന്ത്രിക്കുന്നത്. തുടർന്ന് യൂറോ 2020 ഗ്രൂപ്പ് ഘട്ടത്തിൽ സ്വീഡനെതിരായ മത്സരത്തിലും, 2023 യുവേഫ നേഷൻസ് ലീഗ് സെമിഫൈനലിൽ ഇറ്റലിക്കെതിരായ മത്സരത്തിലും അദ്ദേഹം റഫറിയായിരുന്നു. യുവതാരം ലമീൻ യമാൽ സ്പാനിഷ് ദേശീയ ടീമിൽ എത്തിയ ശേഷവും വിൻസിച്ച് സ്പെയിനിന്റെ ഭാഗ്യ റഫറിയായി മാറിയിട്ടുണ്ട്. യൂറോ 2024ൽ ഗ്രൂപ്പ് ഘട്ടത്തിൽ ഇറ്റലിയെ 1-0ന് തോൽപ്പിച്ച മത്സരത്തിലും, ഫ്രാൻസിനെതിരായ ആവേശകരമായ സെമിഫൈനൽ പോരാട്ടത്തിലും വിസിൽ ഊതിയത് വിൻസിച്ചായിരുന്നു.

2026 ലോകകപ്പിൽ ഇതുവരെ മൂന്ന് മത്സരങ്ങളാണ് വിൻസിച്ച് നിയന്ത്രിച്ചത്. ഇതിൽ മെക്സിക്കോയും ഇക്വഡോറും തമ്മിലുള്ള മത്സരം ഏറെ ശ്രദ്ധ നേടിയിരുന്നു. ആ മത്സരത്തിൽ ഗ്രൗണ്ടിലെ വാഗ്വാദത്തിനിടെ വായ മറച്ചുപിടിച്ച് സംസാരിച്ചതിന് ഫിഫയുടെ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കാട്ടി ഇക്വഡോർ താരം പിയറോ ഹിൻകാപ്പിയെ അദ്ദേഹം നേരിട്ട് ചുവപ്പുകാർഡ് കാട്ടി പുറത്താക്കിയിരുന്നു. അടുത്തിടെയായി അർജന്റീന മത്സരങ്ങളിലെ പല റഫറിയിങ് തീരുമാനങ്ങളും വലിയ തോതിൽ വിമർശനങ്ങൾക്ക് വഴിവെച്ച പശ്ചാത്തലത്തിൽ, ഞായറാഴ്ച ന്യൂയോർക്കിലെ ഗ്രൗണ്ടിൽ വിൻസിച്ചിന്റെ ഓരോ തീരുമാനങ്ങളും ഫുട്ബോൾ ലോകം ഏറെ സസൂക്ഷ്മം ഉറ്റുനോക്കും.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Sports Desk

contributor

Similar News